തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു; 25ന് വൈകിട്ട് സന്നിധാനത്തെത്തും



ശബരിമല > മണ്ഡലവിളക്കിന് ശബരിമലയിൽ അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി രഥഘോഷയാത്ര ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ചിത്തിര തിരുനാൾ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവൻ തങ്കത്തിൽ നിർമിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന്‌ ചാർത്താൻ  ഘോഷയാത്രയായി കൊണ്ടുവരുന്നത്. ഇത് സൂക്ഷിച്ചിട്ടുള്ളത് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലാണ്. രാവിലെ ഏഴ് മണിയോടെയാണ് ഘോഷയാത്ര പുറപ്പെട്ടത്. ഘോഷയാത്ര 25 ന് പകൽ 1.30 തോടെ പമ്പയിലെത്തും. 25ന് ഉച്ചയ്ക്ക് ശബരിമല നടയടച്ചാൽ വൈകിട്ട് അഞ്ചുവരെ തീർഥാടകരെ പമ്പയിൽനിന്ന് കയറ്റിവിടില്ല. 3.30 വരെ പമ്പയിലെ തങ്ക അങ്കി ദർശനത്തിനുശേഷം ഘോഷയാത്ര പുറപ്പെട്ട് 6.15ന് സന്നിധാനത്തെത്തും. 6.30 വരെ അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. അതിനുശേഷമേ  തീർഥാടകരെ പതിനെട്ടാംപടി കയറ്റിവിടുകയുള്ളൂ. 26ന് പകൽ 12 മുതൽ 12.30 വരെയാണ് മണ്ഡലപൂജ. അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് 30ന് വൈകിട്ട് നാലിന് തുറക്കും. മണ്ഡല മകരവിളക്ക് ദിവസങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് തിരുവതാംകൂർ ​ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് ഒരുക്കിയിരിക്കുന്നത്. മുൻകാലങ്ങളിലേക്കാൾ വലിയ തിരക്കാണ് ഈ സീസണിൽ  അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ ഡിസംബർ 25 ന് 54,000, 26ന് 60,000 ഭക്തർക്കും മാത്രമാണ് ദർശനം. മകരവിളക്കുമായി ബന്ധപ്പെട്ട് ജനുവരി 12 ന് 60,000, 13 ന് 50,000 14 ന് 40,000 എന്നിങ്ങനെ ആണ് നിയന്ത്രണം തീരുമാനിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ സ്‌പോട്ട് ബുക്കിങ് ഒഴിവാക്കിയേക്കും.   Read on deshabhimani.com

Related News