താന്തോണി സമരം അവസാനിപ്പിച്ചു; ഭേദഗതികളോടെ വീണ്ടും കേന്ദ്രാനുമതി തേടും



കൊച്ചി> താന്തോണി തുരുത്ത് നിവാസികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. താന്തോണിത്തുരുത്തിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനുള്ള നിര്‍മാണ പദ്ധതി നിര്‍ദേശം ഭേദഗതികളോടെ വീണ്ടുംകേന്ദ്രാനുമതിയ്ക്ക് സമര്‍പ്പിക്കാന്‍ തീരുമാനമായതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.  വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ വെള്ളി വൈകിട്ട് നടന്ന യോഗത്തെ തുടര്‍ന്നാണ് തീരുമാനം. താന്തോണി തുരുത്തിലെ വീടുകളില്‍ വേലിയേറ്റത്തില്‍ വെള്ളം കയറുന്നത് ഒഴിവാക്കാന്‍ ഔട്ടര്‍ ബണ്ട് വേണമെന്ന് ആവശ്യപ്പെട്ട് നാല് ദിവസമായി പ്രദേശ വാസികള്‍ സമരം നടത്തി വരികയായിരുന്നു. തുരുത്തിലെ ജനജീവിതം മെച്ചപ്പെടുത്താനായി വെള്ളം കയറാതിരിക്കാനുള്ള സംവിധാനം, റോഡ് എന്നിവയ്ക്കായി ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അതോറിറ്റി (ജിഡ) പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ പ്രദേശം സിആര്‍ഇസഡ് ഒന്ന് (എ), സിആര്‍ ഇസഡ് ഒന്ന് (ബി) എന്നിവയിലാണ് സ്ഥിതി ചെയ്യുന്നത്.  അതിനാല്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമാണ്. എന്നാല്‍, ജിഡ സമര്‍പ്പിച്ച പദ്ധതിക്ക് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ലഭിച്ചില്ല. കായല്‍ നികത്തി നിര്‍മാണം അനുവദിക്കാന്‍ കഴിയില്ല, തുരുത്തിലെ മത്സ്യസമ്പത്തിന്റെയും ജീവജാലങ്ങളുടെയും ഘടനയില്‍ മാറ്റമുണ്ടാകരുത്, തുരുത്തിലെ വെള്ളം പുറത്തേക്ക് പോകുന്നതിനുള്ള സംവിധാനം വേണം തുടങ്ങിയ ഭേദഗതികളാണ് അതോറിറ്റി നിര്‍ദ്ദേശിച്ചത്. ഈ ഭേദഗതികളും പുറത്തേക്ക് വെള്ളം ഒഴുകുന്നതിനുള്ള സംവിധാനം അടുത്തഘട്ടത്തില്‍ ഉള്‍പ്പെടുത്താം എന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് യോഗത്തില്‍ തീരുമാനം. അഞ്ച് മീറ്റര്‍ വീതിയില്‍ ബണ്ട് നിര്‍മാണം എന്ന മുന്‍ പദ്ധതി നിര്‍ദേശം ആംബുലന്‍സിന് പോകാന്‍ കഴിയുന്ന വീതിയിലുള്ള റോഡ് എന്ന നിലയില്‍ പുനക്രമീകരിക്കും. ഒരാഴ്ചയ്ക്കകം ഭേദഗതി തീരദേശ പരിപാലന അതോറിറ്റിക്ക് അയക്കും. ഭേദഗതി ലഭിച്ചാല്‍ കേരള തീരദേശ പരിപാലന അതോറിറ്റി യോഗം ചേര്‍ന്ന് കേന്ദ്രാനുമതിക്ക് ശുപാര്‍ശ ചെയ്യും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതിക്ക് അന്തിമ അനുമതി നല്‍കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി.   തീരദേശ പരിപാലന അതോറിറ്റി ഉദ്യോഗസ്ഥരും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. ടി ജെ വിനോദ് എംഎല്‍എ, മേയര്‍ എം അനില്‍കുമാര്‍, കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ഇറിഗേഷന്‍, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.   Read on deshabhimani.com

Related News