ബൈക്ക് യാത്രികനെ രക്ഷിക്കാൻ വെട്ടിച്ച ബസ് അപകടത്തിൽപ്പെട്ടു
കളമശേരി ഇരുചക്രവാഹന യാത്രികനെ രക്ഷിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മെട്രോ മീഡിയനും മറുവശത്തെ റോഡും കടന്ന് നടപ്പാതയിലെ വിളക്കുകാലിൽ ഇടിച്ചുനിന്നു. ഇതിനിടെ, സീറ്റിൽനിന്ന് ഡ്രൈവർ ബസിനകത്തേക്ക് തെറിച്ചുവീണതായി യാത്രക്കാർ പറഞ്ഞു. ആലുവയിൽനിന്ന് തോപ്പുംപടിയിലേക്ക് പോയ സ്വകാര്യ ബസ് (കെഎൽ 07 ബിഎച്ച് 8052) പത്തടിപ്പാലം മെട്രോ തൂൺ 342ന് സമീപത്ത് ഞായർ വൈകിട്ട് 6.15നാണ് അപകടത്തിൽപ്പെട്ടത്. ആലുവ ഭാഗത്തേക്ക് പോയ കാർ ബസിനുപിന്നിൽ ഇടിച്ച് അങ്കമാലി സ്വദേശികളായ രണ്ടുയാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. കാറിന്റെ മുൻഭാഗം തകർന്നു. വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട ബസ് മീഡിയനിൽ കയറുകയും ഡ്രൈവർ സീറ്റിൽനിന്ന് വീഴുകയുമായിരുന്നു. ആലുവ ഭാഗത്തേക്കുള്ള റോഡിനുകുറുകെ നീങ്ങിയ ബസ് നടപ്പാതയ്‌ക്കുസമീപം നിർത്തിയിട്ടിരുന്ന ചരക്കുവാഹനത്തിലും തൂണിലും ഇടിച്ചുനിന്നു. ഇടിയിൽ ചരക്കുവാഹനം മറിഞ്ഞു. ബസിൽ ഇരുപതോളംപേരുണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു. ആർക്കും പരിക്കില്ല. ബസ് റോഡിന് കുറുകെ നിന്നതിനാൽ ആലുവ റൂട്ടിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി. കളമശേരി പൊലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. Read on deshabhimani.com