സാമൂഹ്യസുരക്ഷാ പെൻഷൻ വിഹിതം വകമാറ്റുന്നുവെന്ന പ്രചാരണം തെറ്റ്



തിരുവനന്തപുരം > സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ കേന്ദ്രവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമാറ്റുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാന, കേന്ദ്ര വിഹിതം രണ്ടു വ്യത്യസ്ത  ബില്ലായാണ് അനുവദിക്കുന്നത്. സംസ്ഥാന വിഹിതം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത ശേഷം ഒന്നോ രണ്ടോ ദിവസത്തിന് ശേഷം കേന്ദ്രവിഹിതം ക്രെഡിറ്റ് ചെയ്യപ്പെടുന്നതുകൊണ്ടുള്ള തെറ്റിധാരണയാണിത്. സംസ്ഥാന വിഹിതം ഗുണഭോക്താവ് നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലും കേന്ദ്രവിഹിതം അവസാനമായി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടിലേക്കുമാണ് വരിക. വാതിൽപ്പടി വിതരണത്തിലൂടെ തുക ലഭിക്കുന്നവർക്ക് കേന്ദ്രവിഹിതം മാത്രമായി പിന്നീട് ലഭിക്കുന്ന സ്ഥിതിയുമുണ്ട്. ഇത് താൽക്കാലിക സാങ്കേതിക പ്രശ്നമാണെന്ന് ധനവകുപ്പ് അറിയിച്ചു. 1600 രൂപ എന്ന ഏകീകൃത നിരക്കിലാണ് സംസ്ഥാന സർക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുന്നത്. എന്നാൽ ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ എന്നിവയിൽ കേന്ദ്രവിഹിതം യഥാക്രമം 200, 300, 500 രൂപയാണ്. സംസ്ഥാന സർക്കാർ കേന്ദ്രവിഹിതം മുൻകൂർ അനുവദിക്കുകയും പിന്നീട് കണക്കുകൾ സമർപ്പിക്കുന്ന മുറയ്ക്ക് കേന്ദ്രത്തിൽനിന്ന് തുക ലഭിക്കുകയുമാണ് ചെയ്യുന്നത്.   Read on deshabhimani.com

Related News