എക്‌സ്‌പോ 2020: കേരള പവലിയന്‍ ഫെബ്രുവരി 4ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും



ദുബായ് > എക്‌സ്‌പോ 2020യിലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 4ന് വൈകിട്ട്‌ 5ന്‌ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ്, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, വ്യവസായം വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ദുബയിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. കേരള പവലിയനില്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ നടക്കുന്ന ‘കേരള വീക്കി’ല്‍ വ്യത്യസ്‌ത പദ്ധതികള്‍, നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും. രാജ്യാന്തര ബിസിനസ് സമൂഹത്തില്‍ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകര്‍ഷിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയില്‍ കേരള പവലിയനില്‍ അവതരിപ്പിക്കും. സുപ്രധാന മേഖലകളിലെ നിക്ഷേപത്തിനുള്ള ബിസിനസ് സാധ്യതകളും ഈസ് ഓഫ് ഡൂയിങ്‌സ്‌ ബിസിനസ്, കെ സ്വിഫ്റ്റ് പോര്‍ട്ടല്‍, എംഎസ്എംഇ ഫെസിലിറ്റേഷന്‍ ആക്റ്റ് തുടങ്ങിയവയിലെ സമീപകാല മാറ്റങ്ങളും  വ്യവസായ വകുപ്പ് പ്രദര്‍ശിപ്പിക്കും. പ്രവാസികളുടെ ക്ഷേമ-സാമൂഹികാനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ നോര്‍ക്ക വകുപ്പ് നല്‍കും. കേരളാടിസ്ഥാനത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ യുഎഇയില്‍ നിന്നുള്ള നിക്ഷേപകരുമായി ഐടി ആൻഡ്‌ സ്റ്റാര്‍ട്ടപ് വകുപ്പ് ബന്ധിപ്പിക്കുകയും കേരള സ്റ്റാര്‍ട്ടപ്പുകളുടെ വിജയ ഗാഥകള്‍ പങ്കിടുകയും ചെയ്യും. കാരവന്‍ ടൂറിസം, എക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതികളെയും ടൂറിസവുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ് അവസരങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കും. വ്യാപാര-ബിസിനസ് കൂട്ടായ്‌മകളുമായി നേരിട്ട് സംവദിക്കാനും ബിസിനസ് മീറ്റിങുകള്‍ക്കും സൗകര്യമൊരുക്കും. കേരള വീക്കിലെ പ്രധാന പരിപാടികള്‍: മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി പി രാജീവും ഫെബ്രുവരി 5ന് രാവിലെ 11ന് ദുബായ് ഒബ്‌റോയ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന കേരള പ്രത്യേക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന് നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികള്‍ ഒരുക്കുന്ന 'സ്‌നേഹപൂര്‍വം സാരഥിക്ക്' സ്വീകരണം ഫെബ്രുവരി 5ന് വൈകിട്ട്‌ 6ന്‌ ദുബായ് അല്‍നാസര്‍ ലിഷര്‍ലാന്റില്‍. വേള്‍ഡ് എക്‌സ്‌പോയിലെ കേരള പവലിയനില്‍ ഫെബ്രുവരി 7ന് സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങള്‍. ദേര ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ ഫെബ്രുവരി 8ന് വൈകിട്ട്‌ 6ന്‌ ഒഡേപെക് എംപ്‌ളോയേഴ്‌സ് കണക്റ്റിവിറ്റി സെഷന്‍. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ദുബായ് കോണ്‍റാഡ് ഹോട്ടലില്‍ ഫെബ്രുവരി 9ന് വൈകിട്ട്‌ 6.30ന് കേരള വിനോദ സഞ്ചാര ബോധവൽക്കരണ സെഷന്‍. Read on deshabhimani.com

Related News