ഏഷ്യയിലാദ്യം; സഹകരണ ലോകത്തെ അറിയാനിതാ മ്യൂസിയം

നിർമാണം പുരോഗമിക്കുന്ന സഹകരണ മ്യൂസിയം


കോഴിക്കോട്‌> ലോകമെമ്പാടുമുള്ള സഹകരണ പ്രസ്ഥാനത്തിന്റെ വിസ്‌മയിപ്പിക്കുന്ന ചരിത്രവും വർത്തമാനവും വിജയയാത്രകളും പങ്കുവയ്‌ക്കാൻ സഹകരണ മ്യൂസിയം ഒരുങ്ങുന്നു. മാവൂർ റോഡിൽ ഗോകുലം മാളിനുസമീപം 150 കോടി ചെലവഴിച്ച്‌ കാരശേരി സർവീസ് സഹകരണ ബാങ്ക്‌ നിർമിക്കുന്ന മ്യൂസിയത്തിന്റെ നിർമാണപ്രവൃത്തി അവസാനഘട്ട പ്രവൃത്തിയിലാണ്‌.   ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ഉൾപ്പെടെയുള്ള ആധുനിക സങ്കേതങ്ങൾ ഉൾപ്പെടുത്തി സഹകരണ മേഖലയുടെ സമഗ്രചിത്രം  നൽകുംവിധമാണ്‌ ലോകത്തെ രണ്ടാമത്തെ സഹകരണ മ്യൂസിയം മിഴി തുറക്കുക. നാണയത്തുട്ടുകളിൽനിന്ന്‌ സഹസ്രകോടികളിലേക്ക്‌ വളർന്ന സഹകരണ പ്രസ്ഥാനത്തിന്റെ നാൾവഴികൾ കാണാനും കേൾക്കാനും വിപുലസംവിധാനങ്ങളാണ്‌ സജ്ജമാക്കുന്നത്‌. 14 നില കെട്ടിടത്തിൽ ആറുനിലയും മ്യൂസിയമാണ്‌.     പൂർണമായും ഗ്ലാസ്‌ ചുവരുകളാലാണ്‌ നിർമിച്ചത്‌. എഐ ഉൾപ്പെടെ ഉപയോഗിച്ചുള്ള മ്യൂസിയത്തിന്റെ അന്തിമ ഡിസൈൻ തയ്യാറാക്കൽ പുരോഗമിക്കുന്നു. സഹകരണ പ്രസ്ഥാനങ്ങളെ സംബന്ധിച്ച വിവരശേഖരണവും നടക്കുന്നു. വെർച്വൽ റിയാലിറ്റി, ഇന്റർനെറ്റ്‌ തുടങ്ങി എല്ലാ സാങ്കേതികവിദ്യയും ഉപയോഗിച്ച്‌ വ്യത്യസ്‌തമായ കാഴ്‌ചാവിരുന്ന്‌ സമ്മാനിക്കുന്ന ഇടമാകും മ്യൂസിയമെന്നും ആറുമാസംകൊണ്ട്‌ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമെന്നും ബാങ്ക്‌ ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ പറഞ്ഞു.       ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ -ഓപ്പറേറ്റീവ്‌ സൊസൈറ്റിയാണ്‌ നിർമാണം. ക്ലാസ്‌മുറി, അതിഥികൾക്കുള്ള താമസസൗകര്യം, ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയവയുമുണ്ടാവും.  Read on deshabhimani.com

Related News