കോന്നി വാഹനാപകടം: യാത്രാമൊഴി നൽകാനൊരുങ്ങി നാട്; മരിച്ച നാല് പേരുടേയും സംസ്കാരം ഇന്ന്
പത്തനംതിട്ട > പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ അപകടത്തിൽ മരിച്ച നാലു പേരുടെയും സംസ്കാരം ഇന്ന് നടക്കും. മൃതദേഹം മല്ലശ്ശേരിയിലെ വീട്ടിലെത്തിച്ചു. രാവിലെ എട്ട് മണി മുതൽ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ 8 മുതൽ 12 വരെ മൃതദേഹങ്ങൾ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോന്നി മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ഈപ്പൻ മത്തായി, ബിജു പി ജോർജ്ജ് എന്നിവരാണഅ മരിച്ചത്. കഴിഞ്ഞ ഞായർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കുടുംബം മടങ്ങി വരവെ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണഅടായത്. നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അനുവിന്റെ അച്ഛനായ ബിജുവും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും ഇവരെ എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനായി പോയതായിരുന്നു. വീടെത്താൻ ഏഴ് കിലോമീറ്റർ മാത്രം ശേഷിക്കെയാണ് അപകടം ഉണ്ടായത്. നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. Read on deshabhimani.com