സരിനിലെ മനുഷ്യത്വം വിസ്മയിപ്പിച്ചു; കുറിപ്പ് പങ്കുവച്ച് യുവതി



തിരുവനന്തപുരം > ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിനെ പ്രശംസിച്ച് യുവതി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായിരുന്ന പെൺകുട്ടിക്ക് എൻട്രൻസ് പരീക്ഷ പേടി കാരണം ആത്മവിശ്വാസം കുറഞ്ഞു. ഡോ. സരിന്റെ ഇടപെടലിലൂടെ കുട്ടിയുടെ അത്മവിശ്വാസം വീണ്ടെടുക്കാൻ കാരണമായ സംഭവമാണ് സിന്ധു വാസുദേവൻ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചത്. സിന്ധു വാസുദേവന്റെ ചേച്ചിയുടെ മകളായ അമ്മു എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ ചില സംഭവങ്ങളാണ് പോസ്റ്റിലുള്ളത്.   അമ്മുവിന് പത്താം ക്ലാസിലും പ്ലസ്ടു വിലും മുഴുവൻ എ പ്ലസ് ഉണ്ടായിരുന്നു. നൃത്തം, അഭിനയം, പാട്ട്, ഫുട്ബാൾ തുടങ്ങി എല്ലാ കലാ കായിക മത്സരങ്ങളിലും മിടുക്കി. ഡോക്ടറാവുകയെന്നതായിരുന്നു അമ്മുവിന്റെ ലക്ഷ്യം. എന്നാൽ എൻട്രസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ അവളുടെ ആത്മവിശ്വാസത്തെ ആകെ തകർത്തു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളിൽ സ്ട്രസ് തടസമാകുകയും അത് ആ കുട്ടിയുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. ആ ഇടയിക്കാണ് സരിൻ അതിഥിയായി എത്തിയ പരിപാടിയിൽ കുട്ടിയും പങ്കെടുത്തത്.   സരിൻ അമ്മുവിനോട് സംസാരിക്കുകയും മുൻപ് തുറന്നു പറയാതിരുന്ന കുറെ കാര്യങ്ങൾ കുട്ടി സരിനോട് പറയുകയും ചെയ്തു. പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് സരിൻ നിർദേശിച്ചു. തുടർന്നും വിളിച്ച് ഫോളോപ്പ് ചെയ്യുകയും ചെയ്തു.രു പരിപാടിക്കിടയിലും അവിടെ പ്രാർത്ഥന ചൊല്ലാൻ വന്ന കുട്ടിയെ കേൾക്കാൻ ശ്രമിച്ച,തിരിച്ചറിഞ്ഞ ആ ഡോക്ടറിലെ മനുഷ്യത്വം തന്നെ വിസ്മയിപ്പിച്ചുവെന്നാണ് സിന്ധു വാസുദേവൻ ഫേസ് ബുക്കിൽ കുറിച്ചത്. പോസ്റ്റിന്റെ പൂർണരൂപം ചേച്ചീടെ മോൾ അമ്മു. പഠിക്കാൻ മിടുക്കിയാണ്. പത്താം ക്ലാസിലും പ്ലസ്ടു വിലും ഫുൾ A+ ഉം കൂടാതെ നൃത്തം, അഭിനയം, പാട്ട്, ഫുട്ബാൾ തുടങ്ങി എല്ലാ കലാ കായിക മത്സരങ്ങളിലും സ്റ്റേറ്റ് ലെവൽ എ ഗ്രെയ്ഡും ഒക്കെ ആയി മിടുക്കിയായിരുന്നു. ജീവിതത്തിലും അവൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. എഞ്ചിനീയറാവണ്ട.ഡോക്ടറായാൽ മതി. സ്കൂളിലെ ഉല്ലാസഭരിതമായ പഠിത്തമല്ലായിരുന്നു അവൾക്ക് എൻട്രസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ. കോച്ചിങ്ങ് ക്ലാസുകൾ .. സ്കോറുകൾ , റിപ്പിറ്റേഷൻ ക്ലാസുകൾ. സ്ട്രസ് കാരണം കുട്ടി വല്ലാതെ മാറിപ്പോയി. ഉറക്കമൊഴിച്ച് എത്ര പഠിച്ചാലും പരീക്ഷ പേടി കാരണം വേണ്ടത്ര സ്കോർ ചെയ്യാൻ പറ്റാത്ത അവസ്ഥ .. ഉറക്കമില്ലായ്മ കരച്ചിൽ ... ചേച്ചി അവൾക്ക് അമ്മ മാത്രമല്ല, അടുത്ത കൂട്ടുകാരിയുമാണ്. ചേച്ചി കുറേ ആശ്വസിപ്പിക്കാൻ നോക്കിയിട്ടും കാര്യമായ മാറ്റാമൊന്നും ഉണ്ടായില്ല. പ്ലസ്ടു വില്ലൻമാരെയൊക്കെ കൈകാര്യം ചെയ്തിട്ടുള്ള ആത്മവിശ്വാസത്തിൽ ഞാനും കുറേ സംസാരിച്ചു നോക്കിയിട്ടുണ്ട്. പാട്ടില്ല.. ഡാൻസില്ല ... കൂട്ടുകാരുമായി ബന്ധമില്ല.. ഫുഡ് ഇല്ല .... എല്ലാവരും വിഷമിച്ചു പോയ അവസ്ഥ. ഒരു ദിവസം ചേച്ചിടെ ബാങ്കിലെ ഒരു പരിപാടിയിൽ പ്രാർത്ഥന ചൊല്ലാൻ നിർബന്ധിച്ച് അമ്മുനെ കൊണ്ടുപോയി. ആ പരിപാടിക്ക് അതിഥിയായി വന്നത് സരിൻ ഡോക്ടറായിരുന്നു. അദ്ദേഹം വെറുതെ അവളോട് കുറച്ച് സംസാരിച്ചു. അത് വരെ അമ്മയോട് പോലും പറയാതിരുന്ന കാര്യങ്ങൾ ഉള്ള് തുറന്ന് ഡോക്ടറോട് പറഞ്ഞു. പറയുമ്പോൾ അവൾ പൊട്ടി കരയുന്നുണ്ടായിരുന്നു. അത്രയും ക്ഷമയോടെ അവളെ കേട്ടിരിക്കുകയും വളരെ കൃത്യമായി അവളെ അലട്ടിയിരുന്ന പ്രശ്നങ്ങൾ തിരിച്ചറിയുകയും ചേച്ചിയോട് എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായി നിർദ്ദേശിക്കുകയും ചെയ്തു. തുടർന്നും വിളിച്ച് ഫോളോപ്പ് ചെയ്യുകയും ചെയ്തു. ഇപ്പോൾ അമ്മു കോതമംഗലം നങ്ങേലി മെഡിക്കൽ കോളേജിൽ രണ്ടാം വർഷമെഡിക്കൽ വിദ്യാർത്ഥിനിയാണ്. അവിടെയും പഴയ പ്രസരിപ്പോടെ പഠനത്തിലും ഡാൻസും പാട്ടും നാടകവും ഒക്കെയായി കലോത്സവങ്ങളിലും മിടുക്കിയായി കഴിവുതെളിയിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ ചെന്നപ്പോൾ ചേച്ചി പറയുന്നു... ആ സരിൻ ഡോക്ടർ കാരണമാണ് അമ്മൂനെ ഇതുപോലെ തിരിച്ചു കിട്ടിത് ന്ന് .... അത്രയും വലിയ ഒരു പരിപാടിക്കിടയിലും അവിടെ പ്രാർത്ഥന ചൊല്ലാൻ വന്ന കുട്ടിയെ കേൾക്കാൻ ശ്രമിച്ച,തിരിച്ചറിഞ്ഞ ആ ഡോക്ടറിലെ മനുഷ്യത്വം ആണ് വിസ്മയിപ്പിച്ചത് ... ഹൃദയമുള്ള മനുഷ്യരാവുക. തൊട്ടടുത്ത ഹൃദയത്തെ മനസ്സിലാക്കാൻ കഴിയുക. വേദനകളെ മുറിവുകളെ ആശ്വസിപ്പിക്കാൻ കഴിയുന്ന ഹൃദയമുള്ള മനുഷ്യരെയാണ് ഈ കാലം നമ്മോട് ആവശ്യപ്പെടുന്നതെന്ന് വെറുതെ ഓർത്തു പോയി....       Read on deshabhimani.com

Related News