വൈക്കം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി മുന്നണി
വൈക്കം > വൈക്കം അർബൻ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി മുന്നണി. അർബൻ സഹകരണ ബാങ്ക് (നം.1193) തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ്-ബിജെപി സ്ഥാനാർത്ഥികൾ ഒരുമിച്ച് മത്സരിക്കുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ പാനലിൽ വൈക്കത്തെ കോൺഗ്രസിന്റെ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാർക്കും യുഡിഎഫ് നിയോജക മണ്ഡലം കൺവീനർക്കും ജില്ലാ-മണ്ഡലം നേതാക്കൾക്കുമൊപ്പം ബിജെപിയുടെ വൈക്കത്തെ വനിതാ നേതാവും മത്സര രംഗത്തുണ്ട്. നഗരസഭയുടെ 26 വാർഡുകളുമുൾപ്പെടുന്ന ബിജെപി വൈക്കം ടൗൺ കമ്മറ്റി പ്രസിഡന്റ് പ്രിയാ ഗിരീഷാണ് കോൺഗ്രസ് പാനലിൽ മത്സരിക്കുന്നത്. പ്രിയാ ഗിരീഷ് കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറിയും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൈക്കം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എ സനീഷ്കുമാറും ഇതേ പാനലിൽ ഉണ്ട്. കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രധാനപ്പെട്ട നേതാക്കൾ ഒരേ പാനലിൽ മത്സരിക്കുന്നതിനെതിരെ കോൺഗ്രസിൽ തന്നെ അതൃപ്തി പുകയുകയാണ്. ഒത്തുകളി പുറത്തായ ശേഷവും ഇത് സംബന്ധിച്ച് പ്രതികരിക്കാൻ രണ്ട് പാർട്ടികളുടെയും നേതൃത്വം തയ്യാറായിട്ടില്ല. Read on deshabhimani.com