പ്രതീക്ഷയോടെ കര്‍ഷകര്‍; സൂര്യകാന്തിയില്‍ തെങ്കാശി

ആയ്ക്കുടിയിലെ സൂര്യകാന്തിപ്പാടം


തെങ്കാശി > മലയാളിക്ക് ഓണം കളറാക്കാന്‍ തെങ്കാശിയിലെ പാടങ്ങൾ നിറങ്ങൾ പുതച്ചു തുടങ്ങി. തെങ്കാശിയിലെ സുന്ദരപാണ്ഡ്യപുരം, സെയ്‌ന്താമരൈ, സാമ്പവാർവടകരൈ, ആയ്ക്കുടി മേഖലകളിലാണ് ഓണക്കൊയ്ത്തിനായി പാടങ്ങളിൽ വിള നിറഞ്ഞിരിക്കുന്നത്. വിതയും കാളപൂട്ടലും ഒക്കെയുള്ള തനിനാടൻ കൃഷിയൊരുക്കമാണ് മിക്കയിടത്തും. പാടങ്ങളിൽ അങ്ങിങ്ങായി സൂര്യകാന്തികളും പൂത്തുതുടങ്ങിയെങ്കിലും പഴയതുപോലെ ഇക്കുറി മഞ്ഞപ്പട്ടണിഞ്ഞിട്ടില്ല. എങ്കിലും സാമ്പവാർവടകരൈ, വണ്ണാർകുളം, ശങ്കരൻകോവിൽ, ശിവലപ്പെട്ടി എന്നിവിടങ്ങളില്‍ സൂര്യകാന്തികൾ പൂത്തുതുടങ്ങിയിട്ടുണ്ട്.    കഴിഞ്ഞ സീസണുകളിൽ നിരവധി ഇടങ്ങളിൽ പ്രധാന പാതയോരത്തു തന്നെ സൂര്യകാന്തി പൂക്കാറുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞതവണ സൂര്യകാന്തി വിത്തിനുണ്ടായ ഫംഗസ് ബാധ വിത്തിൽനിന്നുള്ള എണ്ണ ഉല്‍പ്പാദനത്തെ കാര്യമായി ബാധിച്ചതായി കർഷകർ പറയുന്നു. അതിനാൽ സൂര്യകാന്തി കൃഷിക്കാർക്ക് കാര്യമായ ലാഭമുണ്ടായില്ല. സൂര്യകാന്തി പൂത്തിരുന്ന സ്ഥലങ്ങളെല്ലാം ഇക്കുറി കൊച്ചുള്ളി, ചോളം, നെല്ല്, പച്ചമുളക്, തക്കാളി, വെണ്ട ഉൾപ്പെടെയുള്ള കൃഷികളിലേക്ക് വഴിമാറിയിട്ടുണ്ട്. ചോളമാണ് ഈ മേഖലകളിൽ ഇക്കുറി കൂടുതൽ കൃഷിചെയ്തിരിക്കുന്നത്.   കഴിഞ്ഞതവണ ലക്ഷക്കണക്കിന് മലയാളികളാണ് സൂര്യകാന്തി പാടങ്ങൾ കാണാൻ തെങ്കാശി മേഖലകളിലെത്തിയത്. വിവാഹ ഷൂട്ടിങ്ങിനും റീൽസിനുമൊക്കെയായി പാടങ്ങളിൽ വലിയ തിരക്കായിരുന്നു. ഇക്കുറി ഓണം അടുക്കുമ്പോഴെ കൂടുതൽ സൂര്യകാന്തികൾ പൂത്തുവരികയുള്ളൂവെന്ന് കർഷർ പറയുന്നു. സൂര്യകാന്തി കുറവാണെങ്കിലും പിച്ചിയും മുല്ലയും ബന്തിയും ജമന്തിയും ധാരാളം കൃഷിചെയ്തിട്ടുണ്ട്. അരളിയിൽ വിഷാംശമുണ്ടന്ന കണ്ടെത്തൽ പ്രിയം കുറച്ചതിനാൽ കൃഷി ഇക്കുറി കൂടുതലായില്ല. നിലവിലെ വിലയിൽനിന്ന് അഞ്ചും ആറും മടങ്ങ് വർധന ഓണത്തിന് കിലോയ്ക്ക് ലഭിക്കുമെന്നതാണ് കർഷകരുടെ പ്രതീക്ഷ. കാലാവസ്ഥ പ്രതികൂലമായതും പൂക്കൃഷിയെ ബാധിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News