തേങ്കുറുശി ദുരഭിമാനഹത്യ: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാർ, ശിക്ഷാവിധി നാളെ

കൊല്ലപ്പെട്ട അനീഷ്


പാലക്കാട്> തേങ്കുറുശി ദുരഭിമാന കൊലപാതകക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ്‌ അഡീഷണൽ സെഷൻസ് കോടതി. കൊല്ലപ്പെട്ട തേങ്കുറുശി ഇലമന്ദം കൊല്ലത്തറയിൽ അനീഷിന്റെ (25)  ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ, അമ്മാവൻ കെ സുരേഷ്‌കുമാർ എന്നിവർ കുറ്റക്കാരനെന്നും ശിക്ഷ നാളെ രാവിലെ 11ന് പ്രഖ്യാപിക്കുമെന്നും ജഡ്‌ജി വിനായക റാവു പറഞ്ഞു. 2020 ഡിസംബർ 25ന്‌ വൈകിട്ട്‌ ആറരയോടെയാണ്‌ കൊലപാതകം നടന്നത്. ബൈക്കിലെത്തിയ പ്രതികൾ തേങ്കുറുശി മാനാംകുളമ്പ്‌ എന്ന സ്ഥലത്ത്‌ അനീഷിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. അനീഷിന്റെ ശരീരത്തിൽ 12 മുറിവുകളുണ്ടായിരുന്നു. തുടയിലെ രണ്ട് ഞരമ്പുകൾ മുറിഞ്ഞ്‌ രക്തംവാർന്നതാണ്‌ മരണത്തിന്‌ കാരണമായത്‌. സാമ്പത്തികമായും ജാതീയമായും താഴ്ന്ന കുടുംബത്തിൽ ജനിച്ച അനീഷ്  സാമ്പത്തികവും ജാതീയവുമായി ഉയർന്ന നിലയിലുള്ള ഹരിതയെ വിവാഹം ചെയ്‌തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കേരളത്തെ ഞെട്ടിച്ച ഈ ദുരഭിമാന കൊലപാതകത്തിൽ  പ്രതികൾക്കെതിരെ കൊലപാതകത്തിനു പുറമേ ഗൂഢാലോചന, തെളിവുനശിപ്പിക്കൽ, വധഭീഷണി എന്നീ കുറ്റങ്ങളാണ്‌ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. Read on deshabhimani.com

Related News