നീലേശ്വരം അപകടം; 8 പേർക്കെതിരെ കേസ്, വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെ
നീലേശ്വരം (കാസർകോട്)> അഞ്ഞൂറ്റമ്പലം വീരർക്കാവ് കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താൻ അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖർ പറഞ്ഞു. അപകടത്തിൽ 154 പേർക്ക് പരിക്ക് പറ്റി. ഒരാളുടെ നില ഗുരുതരം. അപകടത്തിൽ ജില്ലാഭരണകൂടം പ്രാഥമികമായ അന്വേഷണം ആരംഭിച്ചതായി കളക്ടര്‍ വ്യക്തമാക്കി. അനുമതിയില്ലാതെയാണ് വെടിക്കെട്ടിന്റെ പടക്കങ്ങൾ സൂക്ഷിച്ചിരുന്നതെന്നും പടക്കങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടവും ആളുകൾ നിന്നിരുന്ന സ്ഥലവും തമ്മിൽ നിയമാനുസൃതമായ അകലം ഉണ്ടായിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്പ പറഞ്ഞു. ഇതിൽ ശക്തമായ നടപടി സ്വീകരിക്കും. തിങ്കൾ രാത്രി പന്ത്രണ്ടോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. തെയ്യം പുറപ്പാടിനിടെ പടക്കം പൊട്ടിക്കുമ്പോൾ വെടിപ്പുരയിലേക്ക് തീപ്പൊരി വീഴുകയായിരുന്നു. തെയ്യക്കാലത്തിന് തുടക്കം കുറിച്ചുനടക്കുന്ന കളിയാട്ടത്തിന്റെ ആദ്യദിനം മൂവായിരത്തോളം പേർ തെയ്യം കാണാനെത്തിയിരുന്നു. പൊള്ളലേറ്റും തീ ആളിപ്പടരുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടുമാണ് പരിക്ക്. Read on deshabhimani.com