ബിജെപിയുടെ സഹകരണ സംഘം തട്ടിപ്പ് ; നഷ്‌ടമായ 32 കോടി ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കും
തിരുവനന്തപുരം ബിജെപി ഭരിക്കുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിലെ തട്ടിപ്പിൽ നഷ്‌ടമായ 32 കോടി രൂപ തിരിച്ചുപിടിക്കാൻ സഹകരണ വകുപ്പ് നടപടി ആരംഭിച്ചു. നഷ്‌ടമായ തുക ഭരണസമിതി അംഗങ്ങളിൽനിന്ന് പലിശ സഹിതം ഈടാക്കും. കുറ്റക്കാരായ അംഗങ്ങളിൽനിന്ന് എത്ര രൂപ വീതം ഈടാക്കണമെന്ന് സഹകരണ ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ തിട്ടപ്പെടുത്തും. വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. ഭരണസമിതി അംഗങ്ങൾക്ക് ഉടൻ നോട്ടീസ് അയക്കും. ഭരണസമിതി അംഗങ്ങൾ നഷ്ടമായ തുക തിരിച്ചടയ്‌ക്കാൻ തയ്യാറായില്ലെങ്കിൽ സഹകരണ നിയമപ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടും. സംഘത്തിൽ ലക്ഷങ്ങൾ വായ്‌പയായി വിതരണം ചെയ്തത് മതിയായ ജാമ്യ വ്യവസ്ഥ പാലിക്കാതെയാണന്നും പലവിധ കാരണങ്ങളാൽ സംഘത്തിന് 32 കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചെന്നുമാണ് ഓഡിറ്റ് റിപ്പോർട്ട്. മുതിർന്ന ബിജെപി നേതാക്കളെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്ന് നിക്ഷേപകരിൽ പലരും പറയുന്നു. മുതിർന്ന ബിജെപി നേതാവും മുൻ വക്താവുമായിരുന്ന എം എസ് കുമാർ സംഘത്തിന്റെ മുൻ പ്രസിഡന്റാണ്. മണക്കാട്, ശാസ്‌തമംഗലം, കണ്ണമ്മൂല എന്നിവിടങ്ങളിൽ ശാഖകളുണ്ട്. ബിജെപി നേതാവായ സംഘം പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതിയാക്കി മുൻ ഭരണസമിതിയിലെ 11 പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞു. നിലവിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. Read on deshabhimani.com