തൊടുപുഴ ന​ഗരസഭ ഭരണം
എല്‍ഡിഎഫ് നിലനിര്‍ത്തി



തൊടുപുഴ    തൊടുപുഴ ന​ഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. തിങ്കളാഴ്‍ച നടന്ന ചെയർപേഴ്‍സൺ തെരഞ്ഞെടുപ്പിൽ 14 വോട്ടുകൾനേടി എൽഡിഎഫ് കൗൺസിലർ സബീന ബിഞ്ചു വിജയിച്ചു. 34 കൗൺസിലർമാരിൽ രണ്ടുപേർ ഹാജരായില്ല. 32ൽ 14 വോട്ട് നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. യുഡിഎഫിന് 13ഉം എൽഡിഎഫിന് 12ഉം ബിജെപിക്ക് എട്ടും കൗൺസിലർമാരാണുള്ളത്. ഒരു സ്വതന്ത്രനും. യുഡിഎഫിൽ മുസ്ലിം ലീ​ഗിനും കോൺ​ഗ്രസിനും സ്ഥാനാർഥികളുണ്ടായിരുന്നു. ബിജെപിയും മത്സരിച്ചു. ആദ്യ റൗണ്ടിൽ കുറവ്‌ വോട്ട്‌ ലഭിച്ച ലീ​ഗ് സ്ഥാനാർഥി പുറത്തായി. എൽഡിഎഫ് 10 വോട്ടുകളോടെ മുന്നിലെത്തി. രണ്ടാം റൗണ്ടിലും എൽഡിഎഫ് 10 വോട്ടുകൾ നേടി. കുറവ്‌ വോട്ട്‌ ലഭിച്ച ബിജെപി സ്ഥാനാർഥി പുറത്തായി. മൂന്നാം റൗണ്ടിൽ ബിജെപി വിട്ടുനിന്നു. നാടകീയ രംഗങ്ങൾക്കൊടുവിൽ 14 വോട്ടുകൾനേടി എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ ദീപക്കിന് 10 വോട്ട്‌ ലഭിച്ചു. ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ നഗരസഭ ഓഫീസിന് പുറത്ത് ലീ​ഗ്, കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. യുഡിഎഫ് വിട്ട് ലീ​ഗ് ഇടുക്കി ജില്ലയിൽ യുഡിഎഫ് സംവിധാനവുമായി സഹകരിക്കുന്നത് തൽക്കാലം അവസാനിപ്പിക്കുകയാണെന്ന് മുസ്ലിം ലീ​ഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊടുപുഴ ന​ഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിലെ ഭിന്നതയ്‍ക്ക് പിന്നാലെയാണ് തീരുമാനം. മുസ്ലിംലീ​ഗിനെ വഞ്ചിച്ചും ഒഴിവാക്കിയും ചെയർമാൻ സ്ഥാനം സ്വന്തമാക്കാൻ കോൺ​ഗ്രസ് നടത്തിയ നീക്കത്തിന് സ്വാഭാവിക തിരിച്ചടിയാണ് നൽകിയത്. എൽഡിഎഫുമായി  ഒരു ധാരണയുമില്ല. ലീ​ഗില്ലെങ്കിലും ജയിക്കുമെന്ന ധാർഷ്‍ട്യമാണ് കോൺ​ഗ്രസ് നേതൃത്വം പ്രകടിപ്പിച്ചത്. സൗഹൃദമത്സരം നടത്തി അവസാനിപ്പിക്കാമെന്നാണ് കരുതിയതെങ്കിലും കോൺഗ്രസിന്റെയും ജോസഫ് ​ഗ്രൂപ്പ് കൗൺസിലറുടെയും കള്ളക്കളി ബോധ്യപ്പെട്ടതിനാലാണ് നിലപാട് മാറ്റിയത്‌. വിഷയം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും- ഷുക്കൂർ പറഞ്ഞു. Read on deshabhimani.com

Related News