അക്ഷരങ്ങളിൽ സ്വപ്നങ്ങളുടെ 
പറുദീസയൊളിപ്പിച്ച കഥാകാരൻ



കൊച്ചി കഴിഞ്ഞവർഷം സെപ്തംബറിലാണ്‌ എഴുത്തുകാരൻ തോമസ്‌ ജോസഫിന്റെ മടങ്ങിവരവിനുള്ള പ്രാർഥനയായി ആസ്വാദകലോകം കൊച്ചിയിൽ അദ്ദേഹത്തിന്റെ നോവൽ  പുറത്തിറക്കിയത്‌. തോമസ്‌ ജോസഫിനെ സ്‌നേഹിക്കുന്നവരുടെയും സാഹിത്യ പ്രേമികളുടെയും അപൂർവ സംഗമമായിരുന്നു, ‘അമ്മയുടെ ഉദരം അടച്ച്‌’ എന്ന നോവലിന്റെ പ്രകാശന ചടങ്ങ്‌. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന്‌ ചികിത്സയിൽ കഴിയുന്ന തോമസ്‌ ജോസഫിനെയും കുടുംബത്തെയും സഹായിക്കുകയായിരുന്നു ലക്ഷ്യം. രോഗശയ്യയിലാകുന്നതിന്‌ നാലുവർഷംമുമ്പ്‌ പൂർത്തിയാക്കിയ നോവലാണ്‌ ‘അമ്മയുടെ ഉദരം അടച്ച്‌’. നോവൽ പുറത്തിറങ്ങുമ്പോൾ ചികിത്സയ്‌ക്കായി 20 ലക്ഷത്തോളം രൂപ ചെലവായിരുന്നു. തുടർ ചികിത്സയ്‌ക്ക്‌ പണത്തിന്‌ പ്രയാസപ്പെടുമ്പോഴാണ്‌ ഇത്തരമൊരു ആശയമുദിച്ചത്‌.  ജമാൽ കൊച്ചങ്ങാടി, ജോർജ്‌ ജോസഫ്‌ കെ, അയ്‌മനം ജോൺ, എൻ ശശിധരൻ, ഷാജി ചെന്നൈ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പുസ്‌തകത്തിന്റെ നൂറുകണക്കിനു കോപ്പികൾ അവിടെത്തന്നെ വിറ്റഴിഞ്ഞു. കൊച്ചിയിൽ വിവിധ കൂട്ടായ്മകൾ പുസ്തകവിൽപ്പനച്ചടങ്ങുകൾ സംഘടിപ്പിച്ചതും സഹായമായി. എഴുത്തുകാരൻ സി ടി തങ്കച്ചന്റെ ‘വായനപ്പുര’യായിരുന്നു പ്രസാധകർ.   ഹന്ന മുത്തശ്ശിക്ക്‌ സ്വർഗത്തിൽ ഇടമൊരുക്കാൻ വിലാപഗാനങ്ങൾ ആലപിക്കപ്പെടണം. അതിനായി, പണ്ട് പറുദീസയിൽനിന്ന്‌ പുറത്താക്കപ്പെട്ട വിലാപഗായികമാരെ വിളിച്ചുകൊണ്ടുവരാനുള്ള ചുമതലയുമായി 13 വയസ്സുകാരൻ യാക്കോബ് യാത്ര പുറപ്പെടുന്നതോടെയാണ്‌ തോമസ് ജോസഫിന്റെ നോവൽ ആരംഭിക്കുന്നത്‌. സ്വപ്‌നങ്ങളും അതിരില്ലാത്ത തീഷ്‌ണ ഭാവനയും പൂത്തുലഞ്ഞ ഫാന്റസിയുടെ മഹാവൃക്ഷം എന്നാണ്‌ നോവലിനെ ആസ്വാദക ലോകം വിശേഷിപ്പിച്ചത്‌. അത്ഭുത സമസ്യ, പശുവുമായി നടക്കുന്ന ഒരാൾ, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്‌, ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ, മരിച്ചവർ സിനിമ കാണുകയാണ്‌, പൈപ്പിൻ ചുവട്ടിൽ മൂന്ന്‌ സ്‌ത്രീകൾ തുടങ്ങിയ കഥാസമാഹാരങ്ങളും അവസാനത്തെ ചായം എന്ന നോവലൈറ്റും പരലോക വാസസ്ഥലങ്ങൾ എന്ന നോവലും തോമസ്‌ ജോസഫിന്റെതായുണ്ട്‌. Read on deshabhimani.com

Related News