മൂന്ന് വർഷം, 3 ലക്ഷം ഗുണഭോക്താക്കൾ; ഹിറ്റായി പീപ്പിൾസ് റസ്റ്റ് ഹൗസ്
തിരുവനന്തപുരം > ജനങ്ങൾക്കിടയിൽ ഹിറ്റായി പീപ്പിൾസ് റസ്റ്റ് ഹൗസ്. പദ്ധതി ആരംഭിച്ചിട്ട് ഇന്ന് മൂന്ന് വർഷം തികഞ്ഞു. ഇതുവരെ മൂന്ന് ലക്ഷം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 20 കോടിയോളം രൂപയുടെ അധികവരുമാനമുണ്ടായതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. പൊതുമരാമത്ത് റസ്റ്റ്ഹൗസുകൾ ഓൺലൈൻ ബുക്കിങ്ങിലൂടെ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി. 2021 ലെ കേരളപ്പിറവി ദിനത്തിലാണ് സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതിക്ക് തുടക്കമായത്. ഇന്ന് മൂന്ന് വർഷം തികയുമ്പോൾ പീപ്പിൾസ് റസ്റ്റ് ഹൗസ് ജനങ്ങളാകെ ഏറ്റെടുത്തതിൽ അതിയായ സന്തോഷമുണ്ട്. മൂന്ന് ലക്ഷത്തിലധികം ആളുകൾ റസ്റ്റ് ഹൗസ് ഉപയോഗിക്കുകയും അതിലൂടെ 20 കോടി രൂപയോളം രൂപയുടെ അധികവരുമാനവും ഉണ്ടായി. എല്ലാവർക്കും നന്ദി- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്താകെ വിവിധ റസ്റ്റ് ഹൗസുകളിലായി കോട്ടേജുകൾ ഉൾപ്പെടെ 1200 മുറികളാണുള്ളത്. 256 മുറികളുടെ നിർമാണം പുരോഗമിക്കുകയാണ്. അടുത്ത വർഷത്തോടെ ഇവ തുറന്ന് നൽകും. പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും റസ്റ്റ് ഹൗസുകൾ നവീകരിക്കുകയും പുതിയത് നിർമിക്കുകയും ചെയ്തു. 2021 നവംബർ 1 നാണ് കേരളത്തിലെ റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറിയത്. Read on deshabhimani.com