100 തികയ്ക്കാൻ ഡോ. ജോ ജോസഫ്‌ ; തിങ്കളാഴ്‌ച പത്രിക നൽകും , 12ന് കൺവൻഷൻ

ഹൃദയം കവർന്ന്... ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിയുടെ ആശീർവാദ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരോട് 
തൃക്കാക്കര എൽഡിഎഫ് സ്ഥാനാർഥി ഡോ . ജോ ജോസഫ് വോട്ട് അഭ്യർഥിക്കുന്നു


കൊച്ചി   എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്‌രോഗ ചികിത്സകൻ ഡോ. ജോ ജോസഫ്‌ തൃക്കാക്കര  ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി. കലൂർ ലെനിൻ സെന്ററിൽചേർന്ന വാർത്താസമ്മേളനത്തിൽ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജനാണ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌. ജോ ജോസഫ്‌ വൻവിജയം നേടുമെന്നും കേരളത്തിൽ എൽഡിഎഫ്‌ അജയ്യമാണെന്ന്‌ തെളിയിക്കുമെന്നും ഇ പി ജയരാജൻ  പറഞ്ഞു. ഹൃദ്‌രോഗചികിത്സകൻ, സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അംഗീകാരം നേടിയയാളാണ്‌ ഡോ. ജോ ജോസഫ്‌. ജനങ്ങൾക്ക്‌ ഏറെ പ്രിയങ്കരനായ ഡോക്ടർ എന്നനിലയിൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിന്‌ വലിയ നേട്ടമാകും. രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന വികസന, ക്ഷേമപദ്ധതികളാണ്‌ സർക്കാർ നടപ്പാക്കുന്നത്‌. തുടർ പ്രവർത്തനങ്ങൾക്ക്‌ തൃക്കാക്കരയിൽ നേടുന്ന വിജയം വഴികാട്ടും. കൊച്ചിയെ ലോകോത്തരനഗരമാക്കി മാറ്റുകയാണ്‌ ലക്ഷ്യം. അതിന്‌ തൃക്കാക്കരയിലെ വിജയം വേഗംപകരും. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ശരിയായ സമയത്തുതന്നെയാണ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌.  സിപിഐ എം അംഗമാണ്‌ ജോ ജോസഫ്‌. അദ്ദേഹം അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌. തിങ്കളാഴ്‌ച പത്രിക നൽകും. 12ന്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എല്ലാറ്റിനെയും എതിർക്കുന്ന വികസനവിരോധികളുടെ മുന്നണിയായി യുഡിഎഫ്‌ മാറി. യുഡിഎഫിലെ സ്ഥാനാർഥിപ്രഖ്യാപനം കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകാത്തവിധം രൂക്ഷമാക്കി–-ഇ പി പറഞ്ഞു.  സ്ഥാനാർഥിയായി ജോ ജോസഫിന്റെ പേരുമാത്രമാണ്‌ പരിഗണിച്ചതെന്ന്‌ കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ പറഞ്ഞു. തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളാണ്‌ ബുധനാഴ്‌ചത്തെ യോഗം ചർച്ച ചെയ്‌തത്‌. വ്യാഴാഴ്‌ചയാണ്‌ സ്ഥാനാർഥിനിർണയം ചർച്ച ചെയ്‌തത്‌. എന്നാൽ, ഇതേക്കുറിച്ച്‌ മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയായിരുന്നെന്നും പി രാജീവ്‌ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. തൃക്കാക്കരയും  
മാറും ഇടതുപക്ഷം വിചാരിച്ചാൽ ജയിക്കാൻ കഴിയാത്ത ഒരു സീറ്റും കേരളത്തിലില്ലെന്ന്‌ തൃക്കാക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌ പറഞ്ഞു. പാലായ്‌ക്കും കോന്നിക്കും മാറാമെങ്കിൽ, തൃക്കാക്കരയ്‌ക്കും മാറാം.  വട്ടിയൂർക്കാവിലെ  വിജയവും മാറ്റത്തിന്‌ ഉദാഹരണമാണ്‌.  എനിക്ക്‌ തൃക്കാക്കരയിലെ എല്ലാ ജനങ്ങളുടെയും വോട്ട് വേണം.  എൽഡിഎഫ്‌ വിജയം സുനിശ്‌ചിതമാണെന്നും സ്ഥാനാർഥിപ്രഖ്യാപനത്തിനുപിന്നാലെ എറണാകുളം ലിസി ആശുപത്രിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സഭ സ്ഥാനാർഥിത്വത്തിൽ ഇടപെട്ടോ എന്ന ചോദ്യത്തിന്‌, അങ്ങനെയുണ്ടായാൽ ആദ്യം അറിയേണ്ടത് നിങ്ങളല്ലേയെന്ന്‌ ഡോ. ജോ ചോദിച്ചു.   ഇന്ന്‌ എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും അല്ലാത്തവരും ഇടതുപക്ഷത്തേക്ക്‌ കൂടുതലായി കടന്നുവരുന്നു.  ഇടതുപക്ഷമാണ്‌ എന്റെ ഹൃദയപക്ഷം. സിപിഐ എം അംഗമാണ്. കെഎസ്‌ഇബി ജീവനക്കാരനായ അച്ഛനൊപ്പം കുട്ടിക്കാലത്ത്‌ യൂണിയന്റെ മതിലെഴുതിയത്‌ ഇന്നും ഓർക്കുന്നു’.- ഡോ .ജോ ജോസഫ് പറഞ്ഞു. Read on deshabhimani.com

Related News