ബിജെപിയിലേക്ക് പോയാൽ കോൺഗ്രസ് എതിർക്കില്ല; ഇടതുപക്ഷത്തേക്ക് പോയാൽ തെറി വിളിക്കും– കെ പി അനിൽകുമാർ
കൊച്ചി> കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകുന്നവർക്കെതിരെ പ്രതികരിക്കാത്തവർ ഇടതുപക്ഷത്തേക്ക് വന്ന തങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിക്കുകയാണെന്ന് കെപിസിസി സംഘടന ചുമതലയുള്ള മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനായി പ്രചാരണത്തിന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ കോൺഗ്രസ് നേതാക്കൾ പാർടി വിട്ട് ബിജെപിയിലെത്തിയിട്ടും അവർക്കെതിരെ ഒരക്ഷരംപോലും പ്രതികരിച്ചില്ല. കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തുന്നത് അവർക്ക് സന്തോഷമാണ്. സംഘപരിവാരത്തിന്റെ ഏജന്റുമാരാണ് കോൺഗ്രസ്. ഹിന്ദു പ്രധാനമന്ത്രിയാകണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് മുസ്ലിം ലീഗ് പ്രതികരിച്ചിട്ടില്ല. സംഘപരിവാർ പാളയത്തിലേക്ക് പോകാതെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തേക്ക് തങ്ങളെപോലുള്ളവർ വന്നപ്പോൾ പരിഹാസവും തെറിവിളിയുമാണ്. ആളുകളെ തെറി വിളിക്കുന്ന സംസ്‌കാരം കോൺഗ്രസ് എന്നാണ് തുടങ്ങിത്. ദേശീയതലത്തിൽ പ്രസക്തി നഷ്‌ടമായ കോൺഗ്രസ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ കേരളത്തിലും ഇല്ലാതാകും. കോൺഗ്രസ് അസ്വസ്ഥതയുടെ കൂടാരമായി മാറി. ആത്മാഭിമാനമുള്ളവർക്ക് അവിടെ നിൽക്കാനാകില്ല. ദേശീയ, സംസ്ഥാന തലങ്ങളിൽ നേതാക്കളുടെ പെട്ടിയെടുപ്പ് മാത്രമാണ് കോൺഗ്രസിൽ പരിഗണന. കോൺഗ്രസ് പാർടിയുടെ അധികാരം പിടിക്കാനാണ് കെ സുധാകരനും വി ഡി സതീശനും ശ്രമിക്കുന്നത്. കൂട്ടായ ചർച്ചയില്ലാതെ ഏകാധിപത്യ പ്രവണതയാണ് ഇരുവർക്കുമെന്നും കെ പി അനിൽകുമാർ പറഞ്ഞു. Read on deshabhimani.com