വെടിക്കെട്ട്‌ നിബന്ധനകൾ തിരുത്തണം: ദേവസ്വങ്ങൾ കേന്ദ്രത്തിന്‌ കത്തയച്ചു

പൂരം വെടിക്കെട്ട്‌ മുടക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവ്‌ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ
തൃശൂർ നഗരത്തിൽ നടത്തിയ പ്രതിഷേധപ്രകടനം


തൃശൂർ വെടിക്കെട്ടിന്‌ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള  കേന്ദ്ര സർക്കാർ വിജ്ഞാപനം തിരുത്തണമെന്നാവശ്യപ്പെട്ട്‌ പാറമേക്കാവ്‌, തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്ത ഫോറം  കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപിക്ക്‌   കത്തയച്ചു. വെടിക്കെട്ട്‌ സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിനും  മരുന്നിടുന്ന ഫയർലൈനും തമ്മിലുള്ള അകലം 200 മീറ്റർ എന്നതിനു പകരം 45 മീറ്ററാക്കി പുനഃസ്ഥാപിക്കണമെന്നാണ്‌ പ്രധാന ആവശ്യം.  വെടിക്കെട്ട്‌ ആരംഭിക്കും മുമ്പേ മാഗസിൻ കാലിയാവും. വെടിക്കെട്ട്‌  നടക്കുന്ന സ്ഥലത്തിന്‌  250 മീറ്റർ  അകലെ ചുറ്റും  ബാരിക്കേഡ്‌  കെട്ടണമെന്നത്‌ 100 മീറ്ററാക്കി കുറയ്‌ക്കണം. ഫയർലൈനും കാണികളും തമ്മിലുള്ള സുരക്ഷാ അകലം 100 മീറ്ററാണ്‌ നിർദേശം. മാലപ്പടക്കം തുടങ്ങുന്ന ഭാഗത്ത്‌ നിന്ന്‌  കാണികളുടെ അകലം 50 മീറ്ററും  കൂട്ടപ്പൊരിച്ചിൽ നടക്കുന്ന അവസാന ഭാഗത്തുനിന്ന്‌ 70 മീറ്ററാക്കിയും ഇത്‌  ഭേദഗതി  വരുത്തണം.  മാഗസിന്‌ പുറത്ത്‌ വെടിക്കെട്ടിന്റെ ഉപകരണങ്ങൾമാത്രം  സൂക്ഷിക്കുന്ന ഷെഡ്‌ പതിവുണ്ട്‌.   ഇത്‌ ഫയർലൈനിൽ നിന്ന്‌ 100 മീറ്റർ അകലെയാക്കണമെന്നത്‌  20  മീറ്ററാക്കി ചുരുക്കണം.  വെടിക്കെട്ടുകാർക്ക്‌ സുരക്ഷാ വസ്‌ത്രം, കേൾവി, നേത്ര സുരക്ഷാ സഹായി എന്നീ നിബന്ധനകൾ പുനഃപരിശോധിക്കണം. ആശുപത്രികളുടെയും സ്‌കൂളുകളുടെയും 250 മീറ്റർ പരിധിയിൽ വെടിക്കെട്ട്‌ നടത്തുമ്പോൾ അനുമതി പത്രം വാങ്ങണമെന്ന നിബന്ധന ഭേദഗതി വരുത്തണം.  വെടിക്കെട്ടിനുള്ള ഇരുമ്പു കുഴലുകൾക്കിടയിലെ അകലം സംബന്ധിച്ച നിർദേശം ഒഴിവാക്കണം. വെടിക്കെട്ടിന്‌  ഉപയോഗിക്കുന്ന പേപ്പർ ട്യൂബുകൾ ഉറപ്പിച്ച്‌ നിർത്താൻ ഇരുമ്പ്‌ കമ്പികൾ അടിക്കാറുണ്ട്‌.  കുഴലല്ലാതെ മറ്റ്‌ ലോഹ ഉപകരണങ്ങൾ പാടില്ലെന്ന നിബന്ധന പുനഃപരിശോധിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌കുമാറും പാറമേക്കാവ്‌  ദേവസ്വം സെക്രട്ടറി ജി രാജേഷും  കത്തയച്ചത്‌. കേന്ദ്ര ഉത്തരവിനെതിരെ സിപിഐ എം പ്രതിഷേധം പൂരം വെടിക്കെട്ട്‌ മുടക്കുന്ന കേന്ദ്ര സർക്കാർ  ഉത്തരവിനെതിരെ തൃശൂരിൽ പ്രതിഷേധം ഇരമ്പി.  ഉത്തരവ്‌ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ  സംഘടിപ്പിച്ച പ്രകടനത്തിൽ നിരവധിപേർ പങ്കാളിയായി. പ്രകടനത്തിൽ പൂരപ്രേമികളും പങ്കാളികളായി. കോർപറേഷൻ ഓഫീസ്‌ പരിസരത്ത്‌ പ്രതിഷേധ യോഗവും ചേർന്നു. Read on deshabhimani.com

Related News