തൃശൂർ നഗരക്കാഴ്‌ചകൾ ആകാശത്തുനിന്ന്‌ കാണാം; ആകാശപ്പാത വെള്ളിയാഴ്ച തുറക്കും

രണ്ടാം ഘട്ട നവീകരണം പൂർത്തിയാക്കിയ കോർപറേഷന്റെ ശക്തൻ സ്‌റ്റാൻഡിലെ ആകാശപ്പാത /ഫോട്ടോ: ഡിവിറ്റ് പോൾ


തൃശൂർ>  കോർപറേഷന്റെ ശക്തൻ സ്‌റ്റാൻഡിലെ ആകാശപ്പാതയുടെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി.  വെള്ളിയാഴ്‌ച ജനങ്ങൾക്ക്‌ തുറന്ന്‌ നൽകും. നടപ്പാതയുടെ ശീതീകരണം, കൂടുതൽ ലിഫ്‌റ്റുകൾ, വശങ്ങൾക്ക്‌ ചുറ്റും ഗ്ലാസും സിലിങ്‌, സോളാർ പ്ലാന്റ്‌ എന്നിവയാണ്‌ രണ്ടാം ഘട്ട നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയത്‌.   അപകടമില്ലാതെ റോഡ്‌ കടക്കുന്നതോടൊപ്പം ചൂടറിയാതെ ഇനി നഗരക്കാഴ്‌ചകളും മതിവരുവോളം ആസ്വദിക്കാം. രണ്ട്‌  ലിഫ്‌റ്റുകൾ കൂടി പ്രവർത്തന സജ്ജമായിട്ടുണ്ട്‌. സോളാർ പ്ലാന്റും സിസിടിവിയും ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്‌. അപകടരഹിതമായി റോഡ്‌ മുറിച്ചു കടക്കാൻ 2023 ആഗസ്‌തിലാണ്‌ അമൃത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടുകോടി ചെലവിൽ  കോർപറേഷൻ ആകാശപ്പാത തുറന്നത്‌. ബസ്‌ സ്‌റ്റാൻഡ്‌, പച്ചക്കറി, മത്സ്യ–-മാംസ മാർക്കറ്റ്‌, പട്ടാളം മാർക്കറ്റ്‌, ഗോൾഡൻ ഫ്ലീ മാർക്കറ്റ്‌ എന്നിവിടങ്ങളിലേക്ക്‌ ആയിരക്കണക്കിന്‌ വാഹനങ്ങളും അമ്പതിനായിരത്തോളം യാത്രക്കാരും  ദിനംപ്രതി വന്നുപോകുന്നുണ്ട്‌. ഈ തിരക്കിൽ അപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്‌ക്കാനാണ്‌ ആകാശപ്പാത നിർമിച്ചത്‌.   280 മീറ്റർ ചുറ്റളവിൽ ഒരുക്കിയ ആകാശപ്പാതയിലേക്ക്‌ നാല്‌ ഭാഗങ്ങളിൽനിന്നും കയറാവുന്ന വിധം ചവിട്ടുപടികളും ലിഫ്‌റ്റും ഒരുക്കിയിട്ടുണ്ട്‌.  മൂന്നുമീറ്റർ വീതിയിലാണ് നടപ്പാലം. നടപ്പാലത്തിനു ചുറ്റും  മുകളിലും സ്റ്റീൽ കവചമുണ്ട്. നടപ്പാതക്കുമുകളിലെ ഷീറ്റിനു മുകളിലാണ്‌  സൗരോർജ പ്ലാന്റുകൾ. ഇതിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച്‌  ലിഫ്‌റ്റുൾപ്പെടെ പ്രവർത്തിപ്പിക്കാം.  ആകാശപ്പാതയ്ക്കു മുകളിൽ കയറിയാൽ തൃശൂർ നഗരത്തിന്റെ  വർണക്കാഴ്‌ചകൾ കാണാം.   പുത്തൻപള്ളിയുടെയും   മുസ്ലിംപള്ളിയുടെയും  മകുടങ്ങൾ കാണാം.  അപകടരഹിത യാത്രയ്‌ക്കൊപ്പം ആകാശപ്പാത ടൂറിസം കേന്ദ്രംകൂടിയാവുകയാണ്‌.  ജില്ലയിലെ വിദ്യാർഥികളും ചെറുപ്പക്കാരും ആകാശപ്പാതയെ ആദ്യഘട്ടത്തിൽ തന്നെ തന്നെ ഉല്ലാസ കേന്ദ്രമായി മാറ്റിയിരുന്നു. പാത  നിർമാണം തുടങ്ങിയപ്പോൾ  ധൂർത്താണെന്നു പറഞ്ഞ്‌  കോൺഗ്രസും ബിജെപിയും  ആക്ഷേപിച്ചിരുന്നു. കായക്കുലകൾ കെട്ടി സമരാഭാസം നടത്തി അവർ സ്വയം അപഹാസ്യരുമായി.  Read on deshabhimani.com

Related News