തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പുകടിയേറ്റു



കണ്ണൂര്‍> കണ്ണൂരില്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പുകടിയേറ്റു. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ വെച്ചാണ് സംഭവം. തൃശൂര്‍ സ്വദേശി ഷാന്‍ജിതിനാണ് കടിയേറ്റത്.   സാധാരണയായി നടത്തുന്ന പരിശോധനക്കായാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പായ തണ്ടര്‍ബോള്‍ട്ട് സംഘം  മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയിലെത്തിയത്. ഉള്‍വനത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ മരച്ചില്ലയില്‍ തൂങ്ങികിടക്കുകയായിരുന്ന പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു.  ഉടന്‍ തന്നെ ഷാന്‍ജിതിനെ മറ്റുള്ളവര്‍ ചേര്‍ന്ന് പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയായിരുന്നു. ഷാന്‍ജിതിന്റെ കൈയ്ക്കാണ് പാമ്പ് കടിച്ചത്.   തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ബന്ദികളെ വീണ്ടെടുക്കല്‍, വിഐപി സുരക്ഷ തുടങ്ങിയ ചുമതലകളാണ് തണ്ടര്‍ബോള്‍ട്ടിനുള്ളത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് മാതൃകയില്‍ കേരളത്തില്‍ പൊലീസ് രൂപീകരിച്ച കമാന്‍ഡോ സംഘമാണ് കേരള തണ്ടര്‍ബോള്‍ട്ട്.   Read on deshabhimani.com

Related News