തൂണേരി ഷിബിൻ വധത്തിൽ വിചാരണക്കോടതി വിധി റദ്ദാക്കി ; 7 മുസ്ലിംലീഗുകാർ കുറ്റക്കാർ
കൊച്ചി ഡിവൈഎഫ്ഐ പ്രവർത്തകൻ നാദാപുരം തൂണേരി ചടയങ്കണ്ടിത്താഴ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വിട്ടയച്ച ഏഴ് മുസ്ലിംലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാരും ഷിബിന്റെ അച്ഛൻ ഭാസ്‌കരനും സമർപ്പിച്ച അപ്പീലുകളിൽ ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി പ്രദീപ്‌കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ശിക്ഷാവിധി 15ന്. തെളിവില്ലെന്ന് പറഞ്ഞാണ് 17 പ്രതികളെയും വിചാരണക്കോടതി വിട്ടയച്ചത്. കേസിൽ നേരിട്ടു പങ്കുള്ള പ്രതികളെല്ലാവരും കുറ്റക്കാരാണെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തി. പ്രതികളെ 15ന് കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു.2015 ജനുവരി 22നാണ് പത്തൊൻപതുകാരനായ ഷിബിനെ മുസ്ലിംലീഗ്–-യൂത്ത് ലീഗ് ക്രിമിനൽ സംഘം വെട്ടിക്കൊന്നത്. ഡിവൈഎഫ്‌ഐ വെള്ളൂർ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി അംഗവും സിപിഐ എം ചുവപ്പുസേനാംഗവുമായിരുന്നു ഷിബിൻ. കരിയിലാട്ട് രഖിൽ, വട്ടക്കുനി വിജേഷ്, പുത്തലത്ത് അഖിൽ, ഈശ്വരംവലിയത്ത് ലീനീഷ്, പിള്ളാണ്ടി അനീഷ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരുവിന്റെവിട രാജേഷ് എന്നിവർക്കും പരിക്കേറ്റിരുന്നു. തെയ്യമ്പാടി ഇസ്‌മയിൽ (36), തെയ്യമ്പാടി മുനീർ, വാറങ്കിത്താഴത്ത് സിദ്ദിഖ് (38), വാറങ്കിത്താഴത്ത് മുഹമ്മദ് അനീസ് (27), കലമുളത്തിൽ കുന്നിവീട്ടിൽ ഷുഹൈബ് (28), കൊച്ചന്റവിട ജാസിം (28), കടയം കോട്ടുമ്മേൽ അബ്ദുൾ സമദ് (32) എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള പ്രതികൾ. മൂന്നാംപ്രതി കാളിയറമ്പത്ത് താഴേക്കുനിയിൽവീട്ടിൽ അസ്ലം മരിച്ചു. മുഖ്യപ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച പ്രതികളെ ഹൈക്കോടതി വിട്ടയച്ചു. ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും യുഡിഎഫ് ഭരണത്തിന്റെ തണലിൽ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ വീഴ്‌ചവരുത്തിയതോടെയാണ് വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ എസ് യു നാസറും ഷിബിന്റെ അച്ഛനുവേണ്ടി അഡ്വ. പി വിശ്വനും ഹാജരായി. Read on deshabhimani.com