ഉയർന്ന തിരമാല: മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം > ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ വടക്കൻ കേരള - ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.2 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ജാഗ്രത നിർദേശങ്ങൾ 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. 25.07.2024 & 26.07.2024: വടക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 25.07.2024 മുതൽ 28.07.2024 വരെ: കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. പ്രത്യേക ജാഗ്രതാ നിർദേശം തെക്കൻ തമിഴ്നാട്, കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിലും ബംഗാൾ ഉൾക്കടലിലെയും, അറബിക്കടലിലെയും മറ്റു ചില സമുദ്രഭാഗങ്ങളിലും അടുത്ത 5 ദിവസത്തേക്ക് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 25-07-2024: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 26-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27-07-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 28-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 29-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. Read on deshabhimani.com