തിരുനൽവേലിയിൽ മാലിന്യം തള്ളൽ: റിപ്പോർട്ട് തേടി ഹെെക്കോടതി
കൊച്ചി> കേരളത്തിൽനിന്നുള്ള ബയോ മെഡിക്കൽമാലിന്യം തമിഴ്നാട് തിരുനൽവേലിയിൽ തള്ളിയ സംഭവത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. ജനുവരി 10ന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറിയോട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മാലിന്യപ്രശ്നങ്ങങ്ങൾ പരിഹരിക്കുന്നതിനായി കോടതി സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയം പരിഗണിച്ചത്. തിരുനൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്ന് ദിവസത്തിനുള്ളിൽ നീക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കഴിഞ്ഞ 19ന് കേരളത്തിനോട് നിർദേശിച്ചിരുന്നു. ആറ് ഇടങ്ങളിലായാണ് മാലിന്യം തളളിയിരുന്നത്. ഇത് നീക്കം ചെയ്തു. കേരളത്തിൽ നിന്നുള്ള 70 അംഗ ഉദ്യോഗസ്ഥ സംഘം 16ലോറികളികളുമായെത്തിയാണ് മാലിന്യം നീക്കം ചെയ്തത്. തിരുവനന്തപുരം അസിസ്റ്റൻറ് കലക്ടർ സാക്ഷി മോഹന്റ മേൽനോട്ടത്തിലാണ് മാലിന്യം നീക്കിയത്. തിരുവനന്തപുരം കാൻസർ സെൻ്ററിൽ നിന്നും സ്വകാര്യ ആശുപത്രിയിൽ നിന്നുമുള്ള മെഡിക്കൽ മാലിന്യമാണ് തളളിയതെന്ന് പറയുന്നു. ഉപയോഗിച്ച സിറിഞ്ചുകൾ, പിപിഇ കിറ്റുകൾ, രോഗികളുടെ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ രേഖകൾ എന്നിവയാണ് തള്ളിയിട്ടുള്ളത്. സംഭവത്തിൽ ആറ് കേസുകൾ തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. Read on deshabhimani.com