10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാക്കൾ പിടിയിൽ
കൊടുങ്ങല്ലൂർ> കാറിൽ കടത്തിയ പത്തുലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാക്കൾ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ പുത്തൻവീട്ടിൽ മുഹമ്മദ് അജ്മൽ (28), കുന്നുകടം പടീറ്റതിൽ രാഹുൽ (25) എന്നിവരെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ മജുവും സംഘവും അറസ്റ്റ് ചെയ്തത്. ദേശീയ പാത 66-ൽ ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ ശനി രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. കാറിൽ ഇരുപതോളം ചാക്കിൽ നിറച്ച നിലയിൽ ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ആലുവ ഭൂഗർഭ അറയിൽ സ്പിരിറ്റ് പിടിച്ചെടുത്ത കേസിലെ പ്രതി സുധീറിനെ കണ്ണൂരിലെ വീട്ടിൽനിന്ന് പിടികൂടി കൊണ്ടുവരുന്നതിനിടെയാണ് കാർ ശ്രദ്ധയിൽപ്പെട്ടത്. തൃപ്രയാറിൽ മറികടന്നു പോയ കാർ കൈ കാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ഷാംനാഥ് പ്രിവന്റീവ് ഓഫീസർമാരായ സി എ ജോഷി, കെ എ ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com