ഇന്ന്‌ ലോക എയ്ഡ്‌സ് ദിനം; സംസ്ഥാനത്ത്‌ എച്ച്ഐവി സാന്ദ്രത 0.07 മാത്രം



തിരുവനന്തപുരം > ദേശീയതലത്തിൽ എച്ച്ഐവി അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമായി തുടർന്ന്‌ കേരളം. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയിൽ 0.20 ആണെങ്കിൽ കേരളത്തിലേത്‌ 0.07 ആണ്. ലോകത്താകമാനം 3.9 കോടി എച്ച്ഐവി ബാധിതർ ഉണ്ടെന്നാണ്‌ കണക്ക്‌. 2023ൽ മാത്രം 13 ലക്ഷം പേരിൽ പുതുതായി എച്ച്ഐവി അണുബാധ കണ്ടെത്തി. ഇന്ത്യയിൽ 25.44 ലക്ഷം പേർ എച്ച്ഐവി ബാധിതരാണ്‌. 2023ൽ രാജ്യത്ത്‌ 68,451 പേരിൽ പുതുതായി അണുബാധ കണ്ടെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ 1263 പേരിലാണ് അണുബാധ കണ്ടെത്തിയത്. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും, കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാൻ "ഒന്നായ് പൂജ്യത്തിലേക്ക്‌ ' എന്ന ക്യാമ്പയിനും ആരംഭിച്ചു. 2025- ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കുകയാണ്‌ ലക്ഷ്യം. ഇതിൽ ആദ്യത്തെ 95 എച്ച്ഐവി ബാധിതരായവരിൽ 95 ശതമാനം ആളുകളും രോഗാവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. രണ്ടാമത്തെ 95 എച്ച്ഐവി അണുബാധിതരായി കണ്ടെത്തിയവരിൽ 95 ശതമാനവും എആർടി ചികിത്സയ്ക്ക് വിധേയരാക്കുക എന്നതാണ്. ഇവരിലെ 95 ശതമാനം പേരിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം. 2024ലെ കണക്ക് പ്രകാരം കേരളം രണ്ടാമത്തെയും മൂന്നാമത്തെയും ലക്ഷ്യം കൈവരിച്ചു. ഒന്നാമത്തെ ലക്ഷ്യം 76 ശതമാനത്തിലാണ്‌. അതിനാൽ ബാധിതരായവരിൽ എല്ലാവരുടെയും രോഗബാധ കണ്ടെത്താനുള്ള പ്രവർത്തനം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. "അവകാശങ്ങളുടെ പാത സ്വീകരിക്കൂ' എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. Read on deshabhimani.com

Related News