സ്‌കൂട്ടർ വലിച്ച്‌ കൊണ്ട്‌ ടോറസ്‌ ഓടിയത്‌ എട്ട്‌ കിലോമീറ്റർ; രണ്ട്‌ പേർക്ക്‌ ഗുരുതര പരിക്ക്‌



പാലാ > റോഡരികിൽ സംസാരിച്ചിരുന്ന യുവാക്കളെ ഇടിച്ചിട്ട ടോറസ്‌ സ്‌കൂട്ടർ വലിച്ച്‌ കൊണ്ട്‌ ഓടിയത്‌ എട്ട്‌ കിലോമീറ്റർ. തിങ്കൾ അർധരാത്രിയോടെയായിരുന്നു സംഭവം. റോഡരികിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാക്കളുടെയും സ്കൂട്ടറിന്റെയും മേൽ ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മേവട സ്വദേശികളായ അലൻ കുര്യൻ (26) നോബി (25) എന്നിവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി ആശുപതി അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് ടോറസ്‌ എറണാകുളം ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. അടിയിൽ കുടുങ്ങിയ സ്കൂ‌ട്ടറുമായി നിർത്താതെ പോയ ടോറസ്‌ മരങ്ങാട്ടുപിള്ളയ്ക്ക് സമീപം ഇല്ലിക്കലിൽ വൈദ്യുതി തൂണിൽ ഇടിച്ചാണ് നിന്നത്. സ്കൂട്ടറിന്റെ ബോഡി റോഡിൽ ഉരഞ്ഞ് തീപ്പൊരി ചിതറിയെങ്കിലും ലോറി നിർത്തിയില്ല. പോസ്റ്റിലിടിച്ച് നിന്ന ടോറസ് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെടുകയും ചെയ്തു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് സൂചന. ടോറസിൽ  നിന്ന്‌ മദ്യക്കുപ്പികളും ഛർദി  അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. എട്ട്  കിലോമീറ്ററോളം ദൂരം റോഡിൽ ഉരസി നീങ്ങിയ  സ്കൂട്ടർ പൂർണമായും നശിച്ചു. ടോറിസിൽ ലോഡ്‌ ഉണ്ടായിരുന്നില്ല. യുവാക്കളെ ഇടിച്ച് നിർത്താതെപോയ സംഭവത്തിൽ പാലാ പൊലിസും വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തതിനെതിരെ മരങ്ങാട്ടുപിള്ളി പൊലീസും കേസ് എടുത്തു. Read on deshabhimani.com

Related News