ഉത്തരവാദിത്ത- ലിംഗസമത്വ ടൂറിസം; അന്താരാഷ്ട്ര വനിതാ സമ്മേളനം മൂന്നാറില്‍



തിരുവനന്തപുരം > ടൂറിസം മേഖലയിലെ സ്ത്രീ സൗഹൃദ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ മൂന്നാറില്‍ ഉത്തരവാദിത്ത-ജെന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസത്തെ സംബന്ധിച്ച് അന്താരാഷ്ട്ര വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. ടൂറിസം വകുപ്പിന്‍റെയും യുഎന്‍ വിമനിന്‍റെയും പങ്കാളിത്തത്തില്‍ കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന സമ്മേളനം ടൂറിസം മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തെയും നിലവിലുള്ള അവസ്ഥകളെയും പറ്റി ചര്‍ച്ച ചെയ്യുകയും നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റി രൂപരേഖ തയ്യാറാക്കുകയും ചെയ്യും. നവംബര്‍ 30 ന് രാവിലെ 10 മണിക്ക് ഗ്രാന്‍ഡ് ക്ലിഫ് റിസോര്‍ട്ടില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. എ രാജ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യതിഥിയായിരിക്കും. ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഹരോള്‍ഡ് ഗുഡ് വിന്‍ മുഖ്യപ്രഭാഷണവും ടൂറിസം സെക്രട്ടറി ബിജു കെ സ്വാഗതവും ആശംസിക്കും. ഡിസംബര്‍ രണ്ടിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ കേന്ദ്ര ടൂറിസം വകുപ്പ് അഡീഷണല്‍ സെക്രട്ടറി സുമന്‍ ബില്ല മുഖ്യാതിഥിയായിരിക്കും. ലിംഗസമത്വവും സ്ത്രീ സൗഹൃദവുമായ ടൂറിസത്തെ പറ്റിയുള്ള കേരളത്തിന്‍റെ പ്രഖ്യാപനം പരിപാടിയുടെ ശ്രദ്ധേയ ആകര്‍ഷണമാണ്. 'ഉത്തരവാദിത്ത-സ്ത്രീ സൗഹൃദ ടൂറിസം: കേരള മോഡല്‍' എന്ന വിഷയത്തില്‍ കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍ സംസാരിക്കും. 'ജന്‍ഡര്‍ ഇന്‍ക്ലുസീവ്- ഉത്തരവാദിത്ത ടൂറിസം'; 'സുരക്ഷിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ടൂറിസം' ; 'ടൂറിസത്തിലെ വനിതാ സംരംഭകത്വം';'സുരക്ഷ, ഉള്‍ക്കൊള്ളല്‍ ആഗോള പ്രവണതകള്‍: സ്ത്രീ സൗഹൃദ ടൂറിസത്തിന്‍റെ ഭാവിയും വെല്ലുവിളികളും' ;'പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കല്‍' ലോക ടൂറിസം മാതൃകകളിലെ സ്ത്രീകള്‍', ടൂറിസത്തിലെ സുസ്ഥിര രീതികള്‍; കേരള ടൂറിസം സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍', 'ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍: ടൂറിസത്തിലെ വനിതാ സംരംഭകരുടെ ആവേശകരമായ സഞ്ചാരങ്ങള്‍' എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും.   'സ്ത്രീ ടൂറിസത്തില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടക്കുന്ന അവതരണത്തില്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി, ഫ്രണ്ട്ലൈന്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ ടി കെ രാജലക്ഷ്മി, ബ്ലോഗര്‍ രമ്യ എസ് ആനന്ദ്, ഗൗരി (ഗൗരിയുടെ യാത്രകള്‍), ലക്ഷ്മി ശരത് (ട്രാവല്‍ ബ്ലോഗര്‍, സ്റ്റോറി ടെല്ലര്‍, എ ട്രാവലര്‍) തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ ടൂറിസം മേഖലയിലെ വനിതാ സംരംഭകരെയും വനിതാ പ്രതിഭകളെയും ആദരിക്കും. Read on deshabhimani.com

Related News