ലിംഗനീതി ഉത്തരവാദിത്വ ടൂറിസ വനിതാ സമ്മേളനം: കേരളം വനിതാ ടൂറിസത്തിന്റെ സ്വര്‍ണഖനി



ഇടുക്കി / തിരുവനന്തപുരം > വനിതാ ടൂറിസത്തിന്റെ അനന്തസാധ്യത ഉപയോഗപ്പെടുത്താൻ അനുയോജ്യമായ നാടാണ്‌ കേരളമെന്ന്‌ മാങ്കുളത്ത് നടക്കുന്ന ലോകത്ത്‌ ആദ്യത്തെ ലിംഗനീതി- ഉത്തരവാദിത്വ ടൂറിസം ആഗോള വനിതാ സമ്മേളനം. സംസ്ഥാന ടൂറിസം വകുപ്പ്, ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി, യുഎൻ വിമൻ എന്നിവ സംയുക്തമായാണ് ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്‌. ലോകത്തുടനീളം വനിതാ ടൂറിസ്റ്റുകളുടെ എണ്ണം വർധിക്കുകയാണ്‌. ഈ അവസരത്തെ ഉപയോഗപ്പെടുത്താൻ കേരളത്തിനാകും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നിലപാട്‌ ഏറെ പുരോഗമനപരമാണെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മൂന്ന് ദശകമായി ലോക ടൂറിസം ഭൂപടത്തിലെ ​തായ്‌ലൻഡിന്റെ മുന്നേറ്റത്തിന്‌ സ്ത്രീകൾക്ക് വഹിച്ച പങ്ക്‌ വലുതാണെന്ന്‌ സൂസൻ ദുസെറ്റ് സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. ഓങ്ക്രിസ സാൻചുമോങ് പറഞ്ഞു. വനിതാകേന്ദ്രീകൃത ടൂറിസത്തിന് സാമൂഹ്യമായ പ്രാധാന്യം മാത്രമല്ല, സാമ്പത്തികമായ അവസരം കൂടിയുണ്ടെന്ന തിരിച്ചറിവ് ഈ സമ്മേളനത്തിലൂടെ ലഭിച്ചുവെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു. ദിനംതോറും വളരുന്ന നൂതന സാങ്കേതികവിദ്യ വനിതാ ടൂറിസം സംരംഭകർ ഉപയോഗപ്പെടുത്തണമെന്ന് നൊമാഡ്ഹെർ സ്ഥാപക ഹ്യോജോങ് കിം ചൂണ്ടിക്കാട്ടി. വനിതകളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനോടാപ്പം പല സാമൂഹിക മാമൂലുകളും തകർക്കാൻ ടൂറിസത്തിലൂടെ സാധിക്കുമെന്ന് ശ്രീലങ്കയിലെ ലിംഗനീതി പ്രവർത്തക ചമീര മേൽഗെ പറഞ്ഞു. ആസുത്രണബോർഡംഗം മിനി സുകുമാറും സംസാരിച്ചു. ഉത്തരവാദിത്വ ടൂറിസം മേഖലയിൽ മികച്ച പ്രകടനം നടത്തിയ 18 വനിതകളെ സമ്മേളനത്തിൽ ആദരിച്ചു. വരും വർഷങ്ങളിൽ കൃത്യമായ ഇടവേളകളിൽ ലിംഗസമത്വ ഓഡിറ്റ് നടത്താനും യോഗത്തിൽ ധാരണയായി. ദേവികുളം എംഎൽഎ എ രാജ, ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, സംസ്ഥാന ടൂറിസം സെക്രട്ടറി കെ ബിജു, ആർടിമിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ തുടങ്ങിയവരും സംസാരിച്ചു. അന്താരാഷ്ട്ര വിദഗ്ധരടക്കം നാൽപതോളം പ്രഭാഷകരാണ് പങ്കെടുക്കുന്നത്. ഈ ധൈര്യം കേരളത്തിന് മാത്രം: 
ഡോ. ഹാരോള്‍ഡ് ഗുഡ്‍വിൻ തിരുവനന്തപുരം/ ഇടുക്കി > ടൂറിസം മേഖലയെ വനിതാസൗഹൃദമാക്കുന്നതിനുള്ള നയപ്രഖ്യാപനത്തിന് മുമ്പ് ലിംഗസമത്വ ഓഡിറ്റ് അവതരിപ്പിക്കാനുള്ള ധൈര്യം ലോകത്ത് കേരളത്തിനേ  ഉണ്ടാവൂയെന്ന് ഇന്റനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ ചെയർമാൻ ഡോ. ഹാരോൾഡ് ഗുഡ്‍വിൻ പറഞ്ഞു. ത്രിദിന ആഗോള ലിംഗസമത്വ -ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഉത്തരവാദിത്വ ടൂറിസത്തിൽ ലോകത്ത് ഏറ്റവും മുൻനിരയിൽ നിൽക്കുന്നത്  കേളരളമാണെന്ന് നിസ്സംശയം പറയാം. കേരളത്തിന്റെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News