ട്രെയിൻ അപകടങ്ങൾ: പ്രത്യേക ബോധവൽക്കരണ പരിപാടിയുമായി റെയിൽവേ



തിരുവനന്തപുരം > ട്രെയിൻ അപകടങ്ങൾ തടയുന്നത് ലക്ഷ്യമിട്ട്  റെയിൽവേ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിന് വ്യാഴാഴ്ച തുടക്കമാകും. ഏഴുവരെ സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ക്ലാസുകൾ, നാടകപ്രദർശനം, ഗാനം, പോസ്റ്റർ വിതരണം ചെയ്യൽ എന്നിവ ഉണ്ടായിരിക്കും. പൊലീസും ആർപിഎഫും ചേർന്നാണ്‌ ബോധവൽക്കരണം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വ്യാഴം രാവിലെ 10.30 ന് ക്യാമ്പയിന്‌ തുടക്കമാകും. റെയിൽവെ പൊലീസ് എസ്‌പി നകുൽ രാജേന്ദ്ര ദേശ്‌മുഖ്, ആർപിഎഫ്‌ ഡിവിഷണൽ സെക്യൂരിറ്റി ഓഫീസർ തൻവി പ്രഫുൽ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ. ട്രെയിനുകൾക്കുനേരെയുള്ള കല്ലേറ്, റെയിൽപ്പാളങ്ങളിൽ കല്ലുകളും മറ്റുംവച്ച് സൃഷ്ടിക്കുന്ന അപകടങ്ങൾ, പാളം മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ എന്നിവയ്‌ക്കെതിരെ ബോധവൽക്കരണം നടത്തും. ഇത്തരം കുറ്റകൃത്യങ്ങളിൽ പെടുന്നവർ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. റെയിൽപാതകൾക്ക് സമീപമുള്ള സ്കൂളുകൾ, ട്രെയിൻ തട്ടി അപകടം ഉണ്ടാകാൻ സാധ്യതയുള്ള ഹോട്ട്സ്പോട്ട് മേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയാകും പ്രചാരണം. Read on deshabhimani.com

Related News