നിറങ്ങളുടെ ലോകം; ഹൃദുവിന്റെയും

ഹൃദു യശ്‌വി തന്റെ പെയിന്റിങ്ങുകൾക്കൊപ്പം ഫോട്ടോ: നിലിയ വേണുഗോപാൽ


തിരുവനന്തപുരം>‘ഗുൽമോഹർ പൂക്കൾ ശ്രദ്ധിച്ചിട്ടുണ്ടോ... അഞ്ച്‌ ഇതളുകൾ ആണ്‌. അതിൽ ഒന്നു മാത്രം വ്യത്യസ്‌തമായിരിക്കും. വീട്ടിൽ ഞങ്ങൾ അഞ്ച്‌ പേരാണ്‌. ഞാൻ വേറിട്ടൊരു വ്യക്‌തിയും. അതുകൊണ്ട്‌ ഗുൽമോഹറിനോട്‌ എനിക്ക്‌ പ്രത്യേക ഇഷ്‌ടമാണ്‌.’ –- ഹൃദു യശ്‌വി ചിരിച്ചുകൊണ്ടാണ്‌ ഇത്‌ പറഞ്ഞതെങ്കിലും കണ്ണുകളിൽ വേദനയുടെ നനവുണ്ടായിരുന്നു. നേരിടേണ്ടിവന്ന പരിഹാസവാക്കുകളും ഒറ്റപ്പെടുത്തലുകളും വിവിധ നിറങ്ങളിൽ ഹൃദുവിന്റെ ക്യാൻവാസിലേക്ക്‌ ഒതുങ്ങി നമ്മളോട്‌ സംവദിക്കുന്നുണ്ട്‌. ചിത്രകലയിൽ ബിരുദം നേടിയ രാജ്യത്തെ തന്നെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ആർട്ടിസ്റ്റ്‌ ആണ്‌ മലപ്പുറം തവനൂർ സ്വദേശിയായ ഹൃദു യശ്‌വി. തൃശൂർ ഫൈൻ ആർട്‌സ്‌ കോളേജിലെ നാലുവർഷത്തെ ബിരുദ പഠനത്തിനിടെയാണ്‌ ഹൃദു തന്റെ സ്വത്വം പൂർണമായും മനസ്സിലാക്കിയതും മനസ്സ്‌ ആഗ്രഹിച്ചതുപോലെ സ്‌ത്രീ ഉടലിലേക്ക്‌ തന്നെ ചേർത്ത്‌ വച്ചതും. കോളേജിലെ സൃഹൃത്തുക്കളും അധ്യാപകരും തന്നെ മനസ്സിലാക്കുകയും കൂടെ നിൽക്കുകയും ചെയ്‌തുവെന്ന്‌ ഹൃദു പറഞ്ഞു. ഹൃദുവിന്റെ സൃഷ്‌ടികൾ സ്വന്തം ജീവിതത്തിന്റെ കൂടി പ്രതിഫലനമാണ്‌. ഓയിൽ പെയിന്റും ചാർക്കോളും ഉപയോഗിച്ച്‌ ക്യാൻവാസിൽ തന്റെ തന്നെ പോർട്രേറ്റുകളും മനോവിചാരങ്ങളും സംഘർഷങ്ങളും കടന്നുവന്ന ജീവിതവുമെല്ലാമാണ്‌ വരയ്‌ക്കുന്നത്‌. ഓരോ ചിത്രത്തിനും ജീവതവുമായി ബന്ധപ്പെട്ട ഓരോ കഥകളുണ്ട്‌. ഇതിനോടകം രണ്ട്‌ ചിത്രപ്രദർശനങ്ങൾ നടത്തി. അഞ്ചാം ക്ലാസിലാണ്‌ വരച്ചുതുടങ്ങിയത്‌. സമ്മാനങ്ങൾ ഇഷ്‌ടപ്പെട്ടിരുന്ന ഹൃദു ട്രോഫികൾ കിട്ടാനുള്ള മോഹംകൊണ്ട്‌ എല്ലാ ചിത്രരചനാ മത്സരങ്ങളിലും പങ്കെടുത്തു. ഒപ്പമുണ്ടായിരുന്നവരേക്കാൾ നന്നായി വരച്ച്‌ നിറയെ സമ്മാനങ്ങളും നേടി. പ്ലസ്‌ ടു പഠനത്തിന്‌ ശേഷം സിവിൽ എൻജിനിയറിങ്ങിൽ പോളിടെക്‌നിക്കിൽ നിന്ന്‌ ഡിപ്ലോമ എടുത്തെങ്കിലും ആ കരിയറിനോട്‌ താൽപ്പര്യം തോന്നിയില്ല. 2020ൽ തൃശൂർ ഫൈൻ ആർട്‌സ്‌ കോളേജിൽ പ്രവേശനം നേടി. ബിരുദപഠനം പൂർത്തിയാക്കിയ ഹൃദുവിന്റെ അടുത്ത ലക്ഷ്യം തിരുവനന്തപുരം ഫൈൻ ആർട്‌സ്‌ കോളേജിൽനിന്ന്‌ ബിരുദാനന്തര ബിരുദം സ്വന്തമാക്കലാണ്‌. ലോകമറിയുന്ന ആർട്ടിസ്റ്റ്‌ ആകുന്നതിനൊപ്പം ഒരു ചിത്രകലാ അധ്യാപികയായി കരിയർ കെട്ടിപ്പടുക്കുകയാണ്‌ ലക്ഷ്യം.   Read on deshabhimani.com

Related News