ജനറൽ ആശുപത്രി മാസ്റ്റർ പ്ലാൻ: പഴയ കെട്ടിടങ്ങൾ 
പൊളിച്ചുമാറ്റാൻ അനുമതി

പുതുക്കി പണിയുന്ന ജനറൽ ആശുപത്രിയുടെ മാതൃക


തിരുവനന്തപുരം > ജനറൽ ആശുപത്രി മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ അനുമതിയായി. കിഫ്‌ബി പദ്ധതി പ്രകാരമാണ്‌ ജിഎച്ചിൽ നവീകരണം നടക്കുന്നത്‌. പ്രധാന ഓഫീസിന്റെ ഭാഗമായ പൈതൃക കെട്ടിടം ഒഴിച്ചുള്ളവ പൊളിച്ചുമാറ്റിയാണ്‌ പുതിയ നിർമാണങ്ങൾ നടത്തുക. വർഷങ്ങൾ പഴക്കമുള്ളവയാണ്‌ കെട്ടിടങ്ങൾ. പ്രധാന ഓഫീസ്‌ കെട്ടിടത്തിലെ വാർഡ്‌ ഒന്ന്, രണ്ട്‌, മെഡി. റെക്കോഡ്‌ ലൈബ്രറിയും ഡോക്ടർമാരുടെ വിശ്രമമുറിയും അടങ്ങുന്ന കെട്ടിടം, ഹെൽത്ത്‌ ഇൻസ്‌പെക്ടേഴ്‌സ്‌ ആൻഡ്‌ ഒഫ്‌താൽമോളജി കെട്ടിടം, നഴ്‌സിങ്‌ സൂപ്രണ്ട് ഓഫീസ്‌, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്‌ മുന്നിലെ പീഡിയാട്രിക്‌ ഒപി, ആർജിസിബി ലാബ്‌ കെട്ടിടം, ക്യാന്റീൻ, വാർഡ്‌ 10, ആറ്‌, ഏഴ്‌, രണ്ടാം വാർഡിനടുത്തുള്ള സെക്യൂരിറ്റി മുറി, രണ്ടാം വാർഡിനടുത്തുള്ള കിയോസ്ക്‌ എന്നിവയെല്ലാം പൊളിച്ചുമാറ്റാനുള്ളവയാണ്‌.   ജനറൽ ആശുപത്രിയിൽ 207 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ്‌ എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ടത്‌.  നേരത്തേ അനുവദിച്ച 137.28 കോടിയുടെ കിഫ്‌ബി ഫണ്ട്‌ 207 കോടിയാക്കി ഉയർത്തുകയായിരുന്നു. പൊളിക്കേണ്ട കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ, വാർഡുകൾ തുടങ്ങിയവ മറ്റ്‌ കെട്ടിടങ്ങളിലേക്ക്‌ മാറ്റാനുള്ള നടപടി നേരത്തേ ആരംഭിച്ചിരുന്നു.   ട്രോമകെയർ യൂണിറ്റ്, 21 കിടക്കയുള്ള ഡയാലിസിസ് യൂണിറ്റ്, 240 കിടക്കയുള്ള കിടത്തി ചികിത്സാകേന്ദ്രം, സൂപ്പർ സ്പെഷ്യാലിറ്റി ഒപി, മൾട്ടി ഐസിയു, ശസ്ത്രക്രിയ തിയറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. അത്യാഹിത വിഭാഗം, നിരീക്ഷണ കിടക്കകൾ, എമർജൻസി ഓപ്പറേഷൻ തിയറ്റർ, റിക്കവറി ഒപി രജിസ്ട്രേഷൻ‍, റേഡിയോളജി, ഫാർമസി, ഓർത്തോപീഡിക്, ഫാസ്റ്റ് ട്രാക്ക് ഒപി, മൾട്ടി സ്പെഷ്യാലിറ്റി ഐസിയു, സ്റ്റെപ്‌ ഡൗൺ ഐസിയു, ട്രോമ വാർഡുകൾ, സെമിനാർ മുറികൾ, ഡ്യൂട്ടി ഡോക്ടർമാരുടെ മുറി, സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഒപികൾ, ഇ–- ഹെൽത്ത്, ഭൂമിക സേവനങ്ങളും പുതിയ കെട്ടിടത്തിൽ ഉണ്ടാകും. കൂടാതെ, ക്ലിനിക്കൽ ലബോറട്ടറി, ബ്ലഡ് ബാങ്ക്, സൂപ്പർ സ്പെഷ്യാലിറ്റി ഒപി, കഫ്‌റ്റീരിയ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്‌. ജനറൽ ആശുപത്രിയിൽനിന്ന്‌ രോഗികളെ റഫർ ചെയ്ത്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റുന്ന സാഹചര്യം പരമാവധി ഒഴിവാക്കുകയെന്നത്‌ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്‌.  36 മാസത്തിൽ നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ഡൽഹി എയിംസ്‌ കെട്ടിടത്തിന്റെ മാതൃകയിലാകും നിർമാണം.    നിലവിൽ ഫാർമസിയടക്കം പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടം പൈതൃകകെട്ടിടമായി നിലനിർത്തും. അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടവും അതുപോലെ തുടരും. സൂപ്രണ്ട്‌ ഓഫീസ്‌ ഈ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക്‌ മാറ്റും. Read on deshabhimani.com

Related News