പാപ്പനംകോട് തീപ്പിടിത്തം; ബിനു സ്ഥാപനത്തിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചു



തിരുവനന്തപുരം > പാപ്പനംകോട് ഇൻഷുറൻസ് ഏജൻസി ഓഫീസിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടുപേർ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരാൾ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ്. മരിച്ച രണ്ടാമത്തെയാൾ വൈഷ്ണയുടെ രണ്ടാം ഭർത്താവ് ബിനു തന്നെയാണെന്ന് പൊലീസ് അറിയിച്ചു. ബിനു ഓഫീസിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരിച്ചത് ബിനുവാണെന്ന് തിരിച്ചറിഞ്ഞത്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ഔദ്യോ​ഗികമായി സ്ഥിരീകരിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായപ്പോഴാണ് സമീപവാസികൾ ശ്രദ്ധിക്കുന്നത്. പാപ്പനംകോട് സിഗ്നലിനു സമീപത്തെ കെട്ടിടത്തിലെ ഒന്നാംനിലയിലെ ചെറിയ മുറിക്കുള്ളിലാണ് തീ പടർന്നത്. ശീതീകരിച്ച ഓഫീസിന്റെ കണ്ണാടിച്ചില്ലുകൾ പൊട്ടിത്തെറിച്ചു. പരിസരത്തുണ്ടായിരുന്നവരാണ് വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയത്. ഇതിനാൽ സമീപത്തെ കടകളിലേക്കു തീ പടരുന്നത് ഒഴിവായി. ആറു മാസം മുൻപ്‌ വൈഷ്ണയുടെ ഭർത്താവ് ബിനു എജൻസി ഓഫീസിലെത്തി ബഹളം വെച്ചിരുന്നു. ഇതുസംബന്ധിച്ച് നേമം പോലീസിൽ പരാതി നൽകിയിരുന്നു. ബിനു വീണ്ടുമെത്തി പ്രശ്നമുണ്ടാക്കുന്നതായി വൈഷ്ണ സഹോദരൻ വിഷ്ണുവിനെ സംഭവത്തിനു തൊട്ടുമുൻപ്‌ വിളിച്ചറിയിച്ചിരുന്നു. വിഷ്ണു എത്തുന്നതിനു മുൻപുതന്നെ എജൻസി ഓഫീസിൽ തീപ്പിടിത്തമുണ്ടായി. വൈഷ്ണയെ അപായപ്പെടുത്തിയശേഷം ബിനു സ്ഥാപനത്തിന് തീയിട്ടതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്.   Read on deshabhimani.com

Related News