ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ യു സി ബാലകൃഷ്‌ണൻ അന്തരിച്ചു



കോഴിക്കോട്> ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്പോർട്സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ യു സി ബാലകൃഷ്ണൻ (72) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര ഇ എം എസ്‌ സഹകരണ ആശുപത്രിയിലാണ്‌ അന്ത്യം. സംസ്‌കാരം വെള്ളി വൈകിട്ട്‌ നാലിന്‌ പേരാമ്പ്രയിൽ. ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, തൃശൂർ, മലപ്പുറം യൂണിറ്റുകളിൽ പ്രവർത്തിച്ചു. 1981 ഫെബ്രുവരിയിൽ പ്രൂഫ് റീഡറായാണ് ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട്‌ സീനിയർ ന്യൂസ്‌ എഡിറ്ററായിരിക്കെ 2012 നവംബർ 30ന്‌ വിരമിച്ചു. സിപിഐ എം ദേശാഭിമാനി തൃശൂർ യൂണിറ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. എസ്എഫ്‌ഐ പേരാമ്പ്ര ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കെഎസ്‌വൈഎഫിന്റെയും ഡിവൈഎഫ്ഐയുടെയും പേരാമ്പ്ര പഞ്ചായത്ത് ഭാരവാഹി, കർഷകസംഘം പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പുറ്റംപൊയിൽ റെഡ് സ്‌റ്റാർ തിയറ്റേഴ്‌സ് സ്ഥാപക സെക്രട്ടറിയാണ്‌. ദേശാഭിമാനി സ്റ്റഡി സർക്കിൾ പ്രവർത്തകനുമായിരുന്നു. അടിയന്തരാവസ്ഥകാലത്ത് സി കെ ജി സ്‌മാരക ഗവ. കോളേജ് എൻഎസ്എസ് ക്യാമ്പിൽനിന്നും വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയി പൊലീസ് പീഡിപ്പിച്ചു. എസ്എസ്എൽസിക്കു ശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണം അഞ്ചുവർഷം ഉപരിപഠനം മുടങ്ങി. ഇക്കാലത്ത് റേഷൻ കടയിൽ ജോലി നോക്കി. പിന്നീട് പേരാമ്പ്രയിൽ സി കെ ജി കോളേജ് തുടങ്ങിയപ്പോൾ പ്രീഡിഗ്രിക്കു ചേർന്നു. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽനിന്ന് ബിരുദം. ഗുരുവായൂരപ്പൻ കോളേജ് യൂണിയൻ എക്സിക്യൂട്ടീവ് അംഗമായിരുന്നു. കുറച്ചുകാലം പാരലൽ കോളേജ് അധ്യാപകനായും ജോലി നോക്കി. കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. പേരാമ്പ്രയിലെ പരേതരായ ഉണ്ണിക്കുന്നും ചാലിൽ കുഞ്ഞിക്കണ്ണക്കുറുപ്പിന്റെയും ലക്ഷ്‌മി അമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: ബിപിൻ, ഇഷിത (അബുദാബി). മരുമകൻ: അനുജിത്ത്‌ (അബുദാബി). സഹോദരങ്ങൾ: മീനാക്ഷി (തെരുവത്ത് കടവ്), വത്സല (അഞ്ചാംപീടിക ), ശാരദ (ചാലിക്കര), ഇന്ദിര (കാരയാട്), വസന്ത (എരവട്ടൂർ), പുഷ്പ (പള്ളിക്കര). Read on deshabhimani.com

Related News