എഴുമറ്റൂരിൽ യുഡിഎഫ് - ബിജെപി പരസ്യ കൂട്ടുകെട്ട് വീണ്ടും: ബിജെപിക്ക് വോട്ടുചെയ്‌ത് യുഡിഎഫ് അംഗം
എഴുമറ്റൂർ > എഴുമറ്റൂർ പഞ്ചായത്തിൽ യുഡിഎഫ് ബിജെപി പരസ്യകൂട്ടുകെട്ട് വീണ്ടും. വ്യാഴാഴ്‌ച നടന്ന വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് അംഗം ബിജെപി അംഗത്തിന് വോട്ട് ചെയ്തത്. വികസനകാര്യ സ്ഥിരം സമിതിയിൽ എൽഡിഎഫിന് അംഗങ്ങൾ ഉണ്ടായിരുന്നില്ല. കോൺഗ്രസിലെ കെ സുഗതകുമാരിയും ബിജെപിയിലെ ശ്രീജ ടി നായരുമാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. മൂന്നംഗ സ്ഥിരം സമിതിയിൽ യുഡിഎഫ് രണ്ട്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് അംഗസംഖ്യ. യുഡിഎഫ് അംഗമായ അജികുമാറാണ് സ്വന്തം സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതെ ബിജെപിയെ പിന്തുണച്ച് അധ്യക്ഷസ്ഥാനം നേടിക്കൊടുത്തത്. ഇതിനൊപ്പം കോൺഗ്രസിന്റെ പാർലമെന്ററി പാർടി നേതാവായ കൃഷ്ണകുമാർ മുളപ്പോൺ ഡിസിസി അധ്യക്ഷന് എഴുതിയ കത്ത് പുറത്തുവന്നു. കോൺഗ്രസ് അംഗമായ സുഗതകുമാരി എൽഡിഎഫ് പിന്തുണയോടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയാകാൻ ശ്രമം നടത്തുന്നതായും ഇത് തടയണമെന്നുമാണ് കത്തിലെ ആവശ്യം. എന്നാൽ എൽഡിഎഫിന് അംഗങ്ങളില്ലാത്ത സ്ഥിരംസമിതിയിൽ എങ്ങനെയാണ് എൽഡിഎഫ് സുഗതകുമാരിയെ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് കോൺഗ്രസിനും യുഡിഎഫിനും മറുപടിയില്ല. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണസ്തംഭനം സൃഷ്ടിക്കാൻ ബിജെപിയുമായി പരസ്യധാരണയിൽ ഏർപ്പെട്ടാണ് കോൺഗ്രസും യുഡിഎഫും പോകുന്നത്. യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന അഞ്ചാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് പരസ്യമായ വോട്ട് കച്ചവടത്തിലൂടെയാണ്. യുഡിഎഫിന്റെ തൊണ്ണൂറ് വോട്ടുകളാണ് ഇത്തവണ ബിജെപിയിലേക്ക് പോയത്. പഞ്ചായത്ത് ഭരണം അസ്ഥിരപ്പെടുത്താനുള്ള യുഡിഎഫ്, ബിജെപി നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. Read on deshabhimani.com