ഫണ്ടുകടത്താൻ പണ്ടേ പെട്ടി ‘കൈ’യിൽ



കോഴിക്കോട്‌ ഏതു തെരഞ്ഞെടുപ്പു കാലത്തും കോൺഗ്രസ്‌ നേതാക്കൾക്ക്‌ പ്രിയപ്പെട്ടതാണ്‌ ട്രോളിയും പെട്ടിയുമെല്ലാം. പാലക്കാട്‌ പണക്കടത്തിന്‌ ട്രോളിയാണെങ്കിൽ മുമ്പ്‌ വിവാദം സൃഷ്‌ടിച്ചത്‌ പെട്ടിയിലെ ഫണ്ട്‌ കൈമാറ്റമാണ്‌. എഐസിസിയിൽനിന്നുള്ള ഫണ്ട്‌ പെട്ടിയിൽ കൊണ്ടുവന്നതും 25 ലക്ഷം അടങ്ങിയ പെട്ടി കാണാതായതുമെല്ലാം കെപിസിസിയുടെ ‘ചരിത്ര’ത്തിലുണ്ട്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വേളയിലായിരുന്നു ഫണ്ടുപെട്ടി കാണാതാകൽ. കെപിസിസി മുൻ പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌ എഐസിസിയിൽനിന്ന്‌ ഒരുകോടി രൂപ കൊണ്ടുവന്നതിലായിരുന്നു വിവാദം. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി അന്ന്‌ വടകരയിലെ സ്ഥാനാർഥി. ഫണ്ട്‌ കള്ളപ്പണമാണെന്നും താനാണത്‌ കൊണ്ടുവന്നതെന്നും യൂത്ത് കോൺഗ്രസ് നേതാവായിരുന്ന തിരുവള്ളൂർ മുരളി പിന്നീട്‌ വെളിപ്പെടുത്തി.  ഇതുസംബന്ധിച്ച് മുരളി കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ അയച്ച കത്ത്‌ ചോർന്നിരുന്നു. കോൺഗ്രസ് 2009ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ വിതരണംചെയ്‌ത കള്ളപ്പണത്തിന്റെ സൂചനകളടങ്ങുന്നതായിരുന്നു കത്ത്. മൂന്നുതവണയായാണ് പണം കൊണ്ടുവന്നതെന്നും കാണാതായ 25 ലക്ഷം ഒഴികെയുള്ള പണം മുല്ലപ്പള്ളിക്ക് കൈമാറി രസീത് വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്നും കത്തിലുണ്ടായിരുന്നു. ഫണ്ടുവന്ന വഴി @2009 2009 മാർച്ച് 24നാണ് എഐസിസിയിൽനിന്നുള്ള ഫണ്ട്‌ കൊണ്ടുവരാൻ തിരുവള്ളൂർ മുരളി ഡൽഹിക്ക്‌ പോയത്‌. കിങ്ഫിഷർ ഫ്ലൈറ്റിൽ തിരുവനന്തപുരത്ത് എത്തി. കെപിസിസി ഓഫീസിൽനിന്ന് പ്രസിഡന്റിന്റെ കത്തുവാങ്ങി പിറ്റേന്ന് ഡൽഹി വിമാനത്തിൽ പുറപ്പെട്ടു.  ‘മെറ്റീരിയൽസ്‌’ എടുക്കാൻ പെട്ടിവേണമെന്നറിഞ്ഞ്‌ ഡൽഹിയിൽനിന്ന്‌ വാങ്ങി. പെട്ടിയുമായി തിരിച്ച് കോഴിക്കോട്ട് ഇറങ്ങി. രണ്ടുദിവസത്തിലേറെ ‘മെറ്റീരിയൽസ്‌' വീട്ടിൽ സൂക്ഷിച്ചു. പിന്നീട് സ്ഥാനാർഥി പറഞ്ഞതനുസരിച്ച് ഭാരവാഹികൾക്ക്‌ കൈമാറി. രണ്ടാംയാത്ര എറണാകുളത്തുനിന്ന്‌ ഡൽഹിക്കായിരുന്നു. കൂടുതൽ ‘മെറ്റീരിയൽസ്‌' ഉണ്ടെന്നറിയിച്ചതിനെ തുടർന്ന് എറണാകുളം സ്ഥാനാർഥിയുടെ ആളും താനും ഒന്നിച്ച് 2500 രൂപയുടെ വലിയ പെട്ടി വാങ്ങിയാണ്‌ പണം എത്തിച്ചത്‌. മൂന്നാം ഗഡുവും 
കാണാതായ 25 ലക്ഷവും ഡൽഹിയിൽനിന്ന്‌ മൂന്നാംഗഡു 50 ലക്ഷം രൂപ കൊണ്ടുവരുമ്പോഴാണ്‌ 25 ലക്ഷം സൂക്ഷിച്ച പെട്ടി ‘കാണാതായ’ സംഭവം. ഡൽഹിയിൽനിന്ന്‌ വിമാനത്തിൽ ബംഗളൂരുവിൽ, അവിടെനിന്ന്‌ കാറിൽ മംഗളൂരുവിലേക്ക്‌, തുടർന്ന്‌ ട്രെയിനിൽ കോഴിക്കോട്‌– ഇതായിരുന്നു പണക്കടത്ത്‌ യാത്രയുടെ റൂട്ട്‌.  ട്രെയിനിൽവച്ച്‌ 25 ലക്ഷം അടങ്ങിയ പെട്ടി കാണാതായത്‌ വാർത്തയായി. ഇത്രവലിയ തുക നഷ്‌ടമായിട്ടും റെയിൽവേ പൊലീസിന് നൽകിയ പരാതി കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പിൻവലിപ്പിക്കുകയായിരുന്നു. മുരളി പറഞ്ഞ കാര്യങ്ങളും പരാതിക്കത്തുമൊന്നും മുല്ലപ്പള്ളിയും ചെന്നിത്തലയുമടക്കമുള്ള നേതാക്കളാരും ഇന്നേവരെ നിഷേധിച്ചിട്ടുമില്ല. Read on deshabhimani.com

Related News