ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് ; പഞ്ചായത്ത് നൽകിയത് സർക്കാരിന്റെ കിറ്റല്ല
കൽപ്പറ്റ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി യുഡിഎഫ് ഭരണത്തിലുള്ള മേപ്പാടി പഞ്ചായത്ത് കഴിഞ്ഞദിവസം വിതരണംചെയ്ത കിറ്റുകൾ സെപ്‌തംബർ ഒമ്പതിന് നിർമാൺ എന്ന സന്നദ്ധസംഘടന എത്തിച്ചത്. നാല്, ആറ് തീയതികളിലായി 80 കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. ഇതിലെ ഭക്ഷ്യധാന്യങ്ങൾ ഉപയോഗയോഗ്യമാണോ എന്നുപോലും നോക്കാതെയായിരുന്നു വിതരണം. സർക്കാർ നൽകിയ പഴകിയ ഭക്ഷ്യധാന്യങ്ങളാണ് വിതരണംചെയ്‌തത് എന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം പാടേ ഇതോടെ പൊളിഞ്ഞു. 480 കിറ്റുകളാണ് സെപ്‌തംബർ ഒമ്പതിന് സംഘടന എത്തിച്ചതെന്നാണ് വിവരം. ഇതിൽ 333 എണ്ണം നേരത്തെ വിതരണം ചെയ്തതായി പറയുന്നു. ബാക്കിയുണ്ടായിരുന്ന 147 കിറ്റുകളിൽനിന്നാണ് 80 എണ്ണം കഴിഞ്ഞ ദിവസം നൽകിയത്. ഇവ ലഭിച്ച കുടുംബങ്ങളാണ് പരാതിയുമായി വന്നത്. ഇതിലെ സോയാബീനും റവയും കഴിച്ച കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത്. ചില കുടുംബങ്ങൾ കിട്ടിയ കിറ്റ് ഉപയോഗിക്കാതെ നശിപ്പിച്ചു. സൗജന്യമായി കിട്ടിയതിനാൽ പരാതിപ്പെടാൻ മടിച്ചവരുമുണ്ട്. കാലാവധി കഴിഞ്ഞതും ഉപയോഗിക്കാൻ കൊള്ളാത്തതുമായ ഭക്ഷ്യകിറ്റ് നൽകിയതറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസും വിതരണകേന്ദ്രവും ഉപരോധിച്ചിരുന്നു. ഇവരുടെകൂടി സാന്നിധ്യത്തിൽ കലക്ടർ നിയോഗിച്ച ഉദ്യോഗസ്ഥർ വിതരണകേന്ദ്രത്തിലുണ്ടായിരുന്ന കിറ്റുകൾ പരിശോധിച്ചിരുന്നു. പലതിലും പുഴുവും പ്രാണിയും ഉണ്ടായിരുന്നു. ഇവ വിതരണം ചെയ്യുംവരെ ഒക്‌ടോബർ 30ന് സർക്കാർ നൽകിയ അരി വിതരണംചെയ്തിരുന്നില്ല. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളെ സർക്കാരിനെതിരാക്കാനുള്ള ഗൂഢാലോചന നടന്നതായാണ് സംശയം. പഴകിയ കിറ്റ് നൽകിയെന്ന വിവരം പുറത്തുവന്നതോടെ ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സർക്കാരിനെതിരെ രംഗത്തുവന്നതും അതാണ് വ്യക്തമാക്കുന്നത്. വിജിലൻസ് അന്വേഷണം ഇന്ന് ആരംഭിക്കും ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മേപ്പാടി പഞ്ചായത്ത് പുഴുക്കളുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം തിങ്കളാഴ്ച ആരംഭിക്കും. വയനാട് വിജിലൻസ് ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ശനിയാഴ്‌ച വയനാട് വിജിലൻസ് യൂണിറ്റിന് അന്വേഷണ ഉത്തരവ് ലഭിച്ചു. അന്വേഷകസംഘം തിങ്കളാഴ്ച മേപ്പാടി പഞ്ചായത്ത് ഓഫീസിൽ പ്രാഥമിക തെളിവെടുപ്പും പരിശോധനയും നടത്തും. സെക്രട്ടറി, ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരിൽനിന്ന് വിവരങ്ങൾ ആരായും. രേഖകൾ പരിശോധിക്കും. ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിച്ച ഇ എം എസ് ഹാളിലെ പരിശോധന പിന്നീടാകും. അന്വേഷണം ഉടൻ പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം. മേപ്പാടിയിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണം കലക്ടറുടെ ഉത്തരവനുസരിച്ച് നിർത്തിയിട്ടുണ്ട്. സർക്കാരും സംഘടനകളും നൽകിയ ഭക്ഷ്യവസ്‌തുക്കൾ പൂഴ്‌ത്തിവച്ച് തെരഞ്ഞെടുപ്പ് ലാക്കാക്കി വിതരണംചെയ്തതായാണ് സംശയം. കലക്ടർക്ക് മേപ്പാടി പഞ്ചായത്ത് നൽകിയത് വ്യാജ റിപ്പോർട്ട് മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് നൽകിയ സംഭവത്തിൽ കലക്‌ടർക്ക് കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് നൽകിയത് വാസ്തവ വിരുദ്ധമായ റിപ്പോർട്ട്. വിവരം പുറത്തുവന്ന വ്യാഴാഴ്ചയാണ് കലക്ടർക്ക് സെക്രട്ടറി റിപ്പോർട്ട് നൽകിയത്. ഭക്ഷ്യവസ്തു സൂക്ഷിച്ചിരുന്നിടത്ത് നടത്തിയ പരിശോധനയിൽ കേടുവന്നതൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്. കേടുവന്നവ മാറ്റിവച്ചത് ആൾക്കൂട്ടം എടുത്ത് പുറത്തിട്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. അരി, റവ, മൈദ, പലവ്യഞ്ജനം തുടങ്ങി ചാക്കുകണക്കിന് സാധനമാണ് കേടുവന്നനിലയിലുണ്ടായിരുന്നത്. ചാനലുകൾ ഇത് തത്സമയം കാണിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഉപയോഗശൂന്യമായതും അല്ലാത്തതും ഒന്നിച്ച് വച്ചിരിക്കുകയായിരുന്നു. ദുരന്തബാധിതർക്ക് നൽകാൻ തയ്യാറാക്കിയ കിറ്റിലും പഴകിയ ഭക്ഷണസാധനം ഉണ്ടായിരുന്നു. തദ്ദേശസ്ഥാപന പരിധിയിലാണ് ദുരന്തബാധിതരെ താമസിപ്പിച്ചിട്ടുള്ളത്. മേപ്പാടി ഒഴികെയുള്ളിടത്തൊന്നും പരാതികളുണ്ടായില്ല. Read on deshabhimani.com