വിരൽത്തുമ്പിലിതാ ഉജാർ ഉളുവാർ ; ഡിജിറ്റൽ സർവെ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ഗ്രാമം



കാസർകോട്‌ എല്ലാ ഭൂസേവനങ്ങളും വിരൽത്തുമ്പിൽ കിട്ടുന്ന രാജ്യത്തെ ആദ്യ വില്ലേജായി കുമ്പള പഞ്ചായത്തിലെ ഉജാർ ഉളുവാർ. ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ ആദ്യ വില്ലേജ്‌ എന്ന ഖ്യാതിയാണ്‌ കാസർകോട്ടുനിന്ന്‌ 19 കിലോമീറ്റർ അകലെയുള്ള ഗ്രാമം സ്വന്തമാക്കിയത്‌. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച ഉദ്‌ഘാടനം ചെയ്ത ‘എന്റെ ഭൂമി’ സംയോജിത പോർട്ടലിൽ ഉജാർ ഉളുവാറിനെക്കുറിച്ചുള്ള സമ്പൂർണ വിവരം ലഭ്യമാണ്‌. ഭൂമി കൈമാറ്റം, രജിസ്‌ട്രേഷൻ, സ്കെച്ച്‌, ബാധ്യതാ സർടിഫിക്കറ്റ്‌, നികുതിയടവ്‌, ന്യായവില നിർണയം, പോക്കുവരവ്‌, ലൊക്കേഷൻ തുടങ്ങി എല്ലാ സേവനങ്ങളും ഭൂരേഖകളും ഡിജിറ്റലായി ലഭിക്കും. ഡിജിറ്റൽ സർവേ നടത്തി ഭൂമി അളന്ന്‌ ഉടമയുടെ മൊബൈൽ നമ്പറടക്കം രജിസ്‌റ്റർ ചെയ്താണ്‌ പ്രവർത്തനമെന്ന്‌ ഉജാർ ഉളുവാർ ഗ്രൂപ്പ്‌ വില്ലേജ്‌ ഓഫീസർ കെ ഗണേഷ്‌ ഷേണായി പറഞ്ഞു. ആരിക്കാടി, കിദൂർ, ബംബ്രാണ എന്നിവയാണ്‌ ഗ്രൂപ്പിലെ മറ്റ്‌ വില്ലേജുകൾ.  ഇവിടെ ഒരാൾക്ക്‌ എത്ര പ്ലോട്ടുണ്ടെങ്കിലും രജിസ്‌റ്റർ ചെയ്തതുപ്രകാരമുള്ള തണ്ടപ്പേര്‌ ലഭിക്കും. അതിർത്തിത്തർക്കംപോലുള്ളവ ഓൺലൈനിൽത്തന്നെ പരാതിപ്പെടാം. പരാതി താലൂക്ക്‌ സർവെയറുടെ മുന്നിലെത്തും. ഉടൻ നടപടിയുമുണ്ടാകും. ഭൂമി രജിസ്ട്രേഷനും ഫീസടയ്‌ക്കലും പോർട്ടലിൽ സാധ്യമാകും. പോക്കുവരവ്‌ അടക്കമുള്ള സേവനങ്ങളും സമയബന്ധിതമായി എളുപ്പത്തിൽ  നടത്താം. Read on deshabhimani.com

Related News