വ്യവസായ ഇടനാഴി, ഗ്ലോബൽ സിറ്റി ; കേന്ദ്രം മെല്ലപ്പോക്ക്‌ 
അവസാനിപ്പിക്കുമോ



തിരുവനന്തപുരം കേരളത്തിന്റെ വ്യവസായ വികസനത്തിന്‌ കുതിപ്പേകുന്ന കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയും ഗ്ലോബൽ സിറ്റി പദ്ധതിയും യാഥാർഥ്യമാക്കുന്നതിൽ കേന്ദ്രത്തിന്റെ മെല്ലപ്പോക്ക്‌ അവസാനിപ്പിക്കുമോ എന്ന്‌ ഉറ്റുനോക്കി കേരളം. ഇതിനായി പ്രധാനമന്ത്രിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചതിനൊപ്പം വ്യവസായമന്ത്രി പി രാജീവ്‌ കേന്ദ്രമന്ത്രിയെ നേരിൽ കണ്ടും ആവശ്യമുന്നയിച്ചു. കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിക്കായി പാലക്കാട്‌ ജില്ലയിൽ 1152.23 ഏക്കർ ഭൂമി സംസ്ഥാനം ഏറ്റെടുത്തു. 1200 കോടി രൂപ ചെലവഴിച്ചു. പ്രത്യേക ഉദ്ദേശ്യ കമ്പനിയും രൂപീകരിച്ചു. എൻഐസിഡിഐടി 3815 കോടിയുടെ പദ്ധതി അംഗീകരിച്ചിട്ടുമുണ്ട്‌. എന്നാൽ, കേന്ദ്രമന്ത്രിസഭയുടെ അനുമതിക്കായി ഒന്നര വർഷമായാണ്‌ കാത്തിരിക്കുന്നത്‌. 10,000 കോടിയുടെ നിക്ഷേപവും 10,000 പേർക്ക്‌ തൊഴിലും ലഭിക്കുന്ന പദ്ധതിയാണിത്‌. ഇടനാഴിയുടെ ഭാഗമായി എറണാകുളത്തെ അയ്യമ്പുഴയിലാണ്‌ ഗ്ലോബൽ സിറ്റി സ്ഥാപിക്കുന്നത്‌. ഇതിനുള്ള 358 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 850 കോടി രൂപ കിഫ്‌ബിവഴി അനുവദിച്ചു. ഗിഫ്‌റ്റ്‌ സിറ്റി എന്ന പേരിലാണ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. പേര്‌ മാറ്റണമെന്ന്‌ കേന്ദ്രം ആവശ്യപ്പെട്ടു. തുടർന്ന്‌ ഗ്ലോബൽ സിറ്റി എന്നു മാറ്റി. എന്നിട്ടും പദ്ധതി പ്രവർത്തനം നിർത്തിവയ്‌ക്കണമെന്ന്‌ കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തിന്‌ ഏറ്റവും അനുയോജ്യമായ വൈജ്ഞാനിക തൊഴിൽമേഖലയിലെ സംരംഭങ്ങളാണ്‌ ഗ്ലോബൽ സിറ്റിയിൽ ലക്ഷ്യമിടുന്നത്‌. പതിനായിരത്തിലേറെ തൊഴിലവസരം ഉറപ്പുവരുത്തുന്ന ഈ പദ്ധതിയും ബജറ്റിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ്‌ കേരളം. Read on deshabhimani.com

Related News