യുദ്ധപ്രഖ്യാപനം ; കേന്ദ്രബജറ്റിൽ കേരളത്തെ അവ​ഗണിച്ചു : സിപിഐ എം



തിരുവനന്തപുരം കേരളമുന്നയിച്ച അവശ്യ പദ്ധതികളോട് പോലും കേന്ദ്ര ബജറ്റ്‌ മുഖംതിരിച്ചെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌. സംസ്ഥാനത്തിന്‌ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധ സമാനമായ അവഗണന ശക്തമായി തുടരുന്നുമെന്ന പ്രഖ്യാപനം തന്നെയാണിത്‌. ബജറ്റിന്റെ ലക്ഷ്യങ്ങളെന്ന്‌ പറഞ്ഞ്‌ വിശദമാക്കിയിട്ടുള്ള കാര്യങ്ങളിലടക്കം കേരളം പോലുള്ള സംസ്ഥാനങ്ങൾ വന്നിട്ടില്ല. സ്വന്തംകസേര ഉറപ്പിച്ചുനിർത്താൻ ചില സംസ്ഥാനങ്ങൾക്ക്‌ വാരിക്കോരി നൽകി. മറ്റേതെങ്കിലും സംസ്ഥാനങ്ങൾക്ക്‌ പണം അനുവദിക്കുന്നതിനോട്‌ എതിർപ്പില്ല. പക്ഷെ കേരളത്തോട്‌ തുടർച്ചയായി കാണിക്കുന്ന രണ്ടാനമ്മ നയം ഇവിടുത്തെ ജനജീവിതം ദുസ്സഹമാക്കുമെന്ന്‌ ഏവരും ഓർക്കണം. മൂന്നാംപാതയും ശബരിയുമടക്കമുള്ള റെയിൽ പദ്ധതികൾ, എയിംസ്‌, പ്രത്യേക സാമ്പത്തിക പാക്കേജ്‌, വിഴിഞ്ഞം വികസനത്തിനുള്ള തുക എന്നിവയൊന്നും പരിഗണിച്ചില്ല. ഇത്തരം സമീപനങ്ങൾ മൂന്നരക്കോടി ജനങ്ങളെ കേന്ദ്രം പരിഗണിക്കുന്നില്ലെന്നതിന്റെ തെളിവാണ്‌. സംസ്ഥാനങ്ങൾക്ക്‌ വിഹിതം നൽകേണ്ടതില്ലാത്ത സെസ്‌ വർധിപ്പിക്കുന്നു. മറുഭാഗത്ത്‌ സംസ്ഥാനങ്ങളുടെ നികുതി അധികാരങ്ങളിൽ കൈകടത്തുകയും ചെയ്യുന്നു.പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ അന്നയോജന, പ്രധാനമന്ത്രി പോഷൺ അഭിയാൻ, മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ തുടങ്ങിയവയ്‌ക്കുള്ള വിഹിതം വെട്ടിക്കുറച്ചത്‌ സാധാരണക്കാരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും.കേരളത്തിൽനിന്ന്‌ ബിജെപിക്ക്‌ ലോക്‌സഭാംഗത്തെ ലഭിച്ചാൽ എല്ലാകാര്യങ്ങളും ശരിയാക്കുമെന്ന വാഗ്‌ദാനങ്ങൾ ചൊരിഞ്ഞവരുടെ പൊള്ളത്തരവും പുറത്തായി. ബജറ്റ്‌ അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം–- സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News