ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചു, രണ്ടുമാസം കഴിഞ്ഞ് കരിമൂര്‍ഖനെ കൊലയ്ക്ക് ഉപയോ​ഗിച്ചു; ഉത്ര മരിക്കുന്നത് തൊട്ടടുത്തിരുന്ന് സൂരജ് കണ്ടു



ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചു, രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ രണ്ടുമാസം കഴിഞ്ഞ് കരിമൂര്‍ഖനെ കൊലയ്ക്ക് ഉപയോ​ഗിച്ചു. വിഷസര്‍പ്പങ്ങളെ ഉപയോ​ഗിച്ചുള്ള ​ഗാര്‍ഹികകൊലക്ക് സമാനതകളില്ല. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവും സാഹചര്യ തെളിവും സാക്ഷിമൊഴികളും  നിരത്തിയാകും പൊലീസ് സൂരജിന്റെ പങ്ക് തെളിയിക്കുക. ഫെബ്രുവരി 26ന് അണലിയെ 10,000 രൂപയ്‌ക്കും ഏപ്രിൽ 24ന്  കരിമൂർഖനെ 5000 രൂപയ്‌ക്കുമാണ് സൂരജ്‌ രണ്ടാംപ്രതി സുരേഷിൽനിന്ന്‌ വാങ്ങിയത്. ആറിന്‌ വൈകിട്ടോടെയാണ്‌ സൂരജ്‌ ഉത്രയുടെ വീട്ടിലെത്തിയത്‌. ഒരു മുറിയിൽ രണ്ടു കട്ടിലിലായാണ്‌ ഇരുവരും ഉറങ്ങിയത്‌. രാത്രി ഒന്നോടെ സൂരജ് നേരത്തെ ബാഗിൽ പ്ലാസ്‌റ്റിക്‌ ജാറിലാക്കി ഒളിപ്പിച്ചുവച്ച  കരിമൂർഖനെ ഉത്ര ഉറങ്ങിക്കിടന്ന കട്ടിലിൽ കുടഞ്ഞിട്ടു. പാമ്പ്‌  ഉത്രയുടെ ഇടതുകൈത്തണ്ടയിൽ രണ്ടുതവണ കടിച്ചു. ഉത്ര മരിക്കുന്നത്‌ സൂരജ്‌ നോക്കിയിരുന്നു. ഇഴഞ്ഞുനീങ്ങിയ പാമ്പ്‌ മുറിയുടെ മൂലയിൽ ഉണ്ടെന്ന്‌ ഉറപ്പാക്കി  ഉറങ്ങാതെ കട്ടിലിലിരുന്ന്‌ നേരം വെളുപ്പിച്ചു. രാവിലെ ആറിന്‌‌ ഉത്രയുടെ അമ്മ ചായയുമായി എത്തിയപ്പോള്‍‌ മകള്‍ ബോധരഹിതയായി കിടക്കുന്നു‌. ഈ സമയം സൂരജ്  ‌പ്രഭാതകൃത്യങ്ങളുടെ തിരക്കില്‍. ബന്ധുക്കൾക്കാപ്പം ഉത്രയെ ആശുപത്രിയിൽ എത്തിച്ചു. തിരികെ എത്തിയശേഷം പാമ്പിനെ തല്ലിക്കൊല്ലുന്നതിന്‌ ഉത്രയുടെ സഹോദരനൊപ്പം സൂരജും കൂടി. മരണം നടന്ന്‌ ഒരാഴ്‌ച തികയും  മുമ്പ്‌‌ സൂരജ് സ്വത്തിൽ‌ അവകാശവാദം ഉന്നയിച്ചതോടെ‌ ‌ഉത്രയുടെ വീട്ടുകാർ കൊല്ലം റൂറൽ എസ്‌പിക്കു‌ പരാതി നൽകി. തുടർന്ന്‌ കൊല്ലം റൂറൽ ‌ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ്‌ അതിദാരുണമായ കൊലപാതകം തെളിഞ്ഞത്‌. ഉത്രയെ ഒഴിവാക്കിയശേഷം പുനർവിവാഹമായിരുന്നു  ലക്ഷ്യം. കൊലപാതകം, കൊലപാതകശ്രമം വകുപ്പുകളാണ്‌ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്‌. വന്യജീവിയെ സൂക്ഷിച്ചതിനും കൊന്നതിനും വനം വകുപ്പ്‌ കേസെടുത്തു. പാമ്പിനെ സൂക്ഷിച്ച ജാറിൽനിന്ന്‌  സൂരജിന്റെയുംസുരേഷിന്റെയും വിരലടയാളങ്ങൾ  പൊലീസ്‌  ശേഖരിച്ചു. ഇതേ ജാറിലുള്ള പാമ്പിന്റെ ശൽക്കം ഉത്രയുടെ കിടപ്പുമുറിയിൽനിന്ന്‌ കണ്ടെത്തി. അടിച്ചുകൊന്ന പാമ്പിന്റെ ശൽക്കങ്ങളും ജാറിലെ ശൽക്കങ്ങളും  ഒന്ന‌ാണൊ എന്ന് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തും. ഉത്രയുടെ ശരീരത്തിലെ വിഷവും ഉത്രയുടെ വീട്ടിൽ കണ്ടെത്തിയ പാമ്പിന്റെ വിഷവും ഒന്നാണോ എന്നതും ശാസ്ത്രീയമായി പരിശോധിക്കും.  മാർച്ച്‌ രണ്ടിന്‌ അണലിയെ കൊണ്ട്‌ കടിപ്പിച്ച്‌ ഉത്രയെ കൊലപ്പെടുത്താനും പ്രതി ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഉത്ര അത്ഭുതകരമായാണ്‌ അന്ന്‌ രക്ഷപ്പെട്ടത്‌. രണ്ടുതവണ പാമ്പുകടിയേറ്റപ്പോഴും ഉത്ര അറിയാതിരുന്നത്‌  മയക്കുമരുന്ന്‌ നൽകിയതുകൊണ്ടാണോ എന്നതും‌‌ പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌. ആസൂത്രണത്തിന്‌ 7 മാസം ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ ആസൂത്രണത്തിന്‌ ഏഴുമാസം ദൈർഘ്യം. പാമ്പുകളുടെ വിവരം ശേഖരിക്കുകയായിരുന്നു ആദ്യപടി. മണിക്കൂറുകളോളം ഇതിനായി യുട്യൂബിൽ തെരഞ്ഞു. പാമ്പുപിടിത്തക്കാരൻ സുരേഷുമായി അടുപ്പത്തിലാകുന്നത്‌ അങ്ങനെയാണ്‌. സുരേഷിന്റെ അടുത്തെത്തുമ്പോൾ പാമ്പുകളെ കൈയിലെടുത്ത്‌ കളിപ്പിക്കുകയും ഉമ്മവയ്‌ക്കുകയുംചെയ്‌തു. വ്യത്യസ്‌തതരം പാമ്പുകളുടെ വിഷത്തെക്കുറിച്ച്‌ ബോധ്യപ്പെട്ടു. വിഷമേറ്റാൽ എത്ര മണിക്കൂറിനകം മരിക്കുമെന്ന ‌ബോധ്യത്തോടെയാണ്‌ ആദ്യം അണലിയെ വാങ്ങിയത്‌. അണലി കടിച്ച്‌ ഉത്ര മരണപ്പെടാനുള്ള സമയം അടുക്കാറായപ്പോഴാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. എന്നാൽ, സൂരജിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച്‌ ഉത്ര ജീവിതത്തിലേക്ക്‌ തിരികെ വന്നു. ആദ്യത്തെ ലക്ഷ്യം ഫലം കാണാതിരുന്നതിനെത്തുടർന്നാണ്‌ വീണ്ടും സുരേഷിനെ സമീപിച്ച്‌ കരിമൂർഖനെ വാങ്ങുന്നത്‌.  ദിവസങ്ങളോളം ജാറിൽ ഒളിപ്പിച്ചുവച്ച പാമ്പുമായി അഞ്ചലിൽ ഉത്രയുടെ വീട്ടിലെത്തി. ഉറങ്ങിക്കിടന്ന ഉത്രയുടെ ദേഹത്തേക്ക്‌ പാമ്പിനെ കുടഞ്ഞിട്ടു. ഉത്രയെ പാമ്പുകൊത്തുന്നതും മരിക്കുന്നതും നോക്കിനിന്നു. ഉത്രയെ സൂരജ്‌ വിവാഹം കഴിച്ചത്‌ സ്വത്ത്‌ മോഹിച്ചായിരുന്നു. ഹൈസ്‌കൂൾ പ്രധാനാധ്യാപിക ആയിരുന്ന ഉത്രയുടെ അമ്മ മെയ്‌ 31ന്‌ സർവീസിൽനിന്ന്‌ വിരമിക്കും. പെൻഷൻ തുക തനിക്കു ലഭിക്കുമെന്നും സൂരജ്‌ കണക്കുകൂട്ടി. മാസം 8000 രൂപ കൈപ്പറ്റിയിരുന്നതിന്‌ പുറമെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഉത്രയുടെ വീട്ടുകാരിൽനിന്ന്‌ സൂരജ്‌ നിരന്തരം പണം വാങ്ങിയിരുന്നു. Read on deshabhimani.com

Related News