ഉത്ര വധക്കേസ്: സ്ത്രീധന, ഗാർഹിക പീഡനക്കേസിൽ നാളെ കുറ്റപത്രം വായിക്കും; സൂരജിന്റെ അച്ഛനമ്മമാരും സഹോദരിയും പ്രതികൾ
കൊല്ലം > ഉത്ര വധവുമായി ബന്ധപ്പെട്ട സ്‌ത്രീധന, ഗാർഹിക പീഡനക്കേസിൽ പുനലൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒന്നിൽ മജിസ്‌ട്രേട്ട് പി എസ് അമ്പിളിചന്ദ്രൻ മുമ്പാകെ ചൊവ്വാഴ്‌ച കുറ്റപത്രം വായിക്കും. കുറ്റപത്രം കേൾക്കാനായി കേസിലെ പ്രതികളായ സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ കോടതിയിൽ ഹാജരാക്കും. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ എ ശ്രീകുമാർ ഹാജരാകും. ഉത്രയെ മൂർഖനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച ഭർത്താവ് അടൂർ പറക്കോട് കാരംകോട് ശ്രീസൂര്യയിൽ സൂരജ് എസ് കുമാർ (27) പൂജപ്പുര സെൻട്രൽ ജയിലിലാണ്. സൂരജ് ഒന്നാം പ്രതിയായി അന്വേഷകസംഘം കോടതിയിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചിരുന്നു. അഞ്ചൽ ഏറം വെള്ളാശേരിൽ വി വിജയസേനന്റെയും ആർ മണിമേഖലയുടെയും മകൾ ഉത്രയെ 2020 മെയ് ഏഴിന് രാവിലെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ആറിനു രാത്രി ഭർത്താവ് സൂരജുമൊത്ത് ഉറങ്ങാൻപോയ ഉത്രയെ മൂർഖന്റെ കടിയേറ്റ് മരിച്ച നിലയിലാണ് അടുത്ത ദിവസം ബന്ധുക്കൾ കണ്ടത്. മുറിയിൽനിന്ന് പാമ്പിനെയും കണ്ടെത്തിയിരുന്നു. അതിനു മുമ്പും സൂരജിന്റെ വീട്ടിൽവച്ച് ഉത്രയെ അണലിയെക്കൊണ്ട് കടിപ്പിച്ചിരുന്നു. 2018 മാർച്ച്- 25നായിരുന്നു സൂരജിന്റെയും ഉത്രയുടെയും വിവാഹം. ഇവർക്ക് ഒന്നേകാൽ വയസ്സുള്ള ധ്രുവ് എന്ന മകനുണ്ട്. സ്‌ത്രീധനത്തിന്റെ പേരിൽ സൂരജിന്റെ പറക്കോട്ടെ വീട്ടിൽ ഉത്ര നിരന്തരം ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായെന്നാണ് കുറ്റപത്രത്തിൽ അന്വേഷകസംഘം തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നത്. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന, ഉത്രയുടെ വീട്ടുകാർ നൽകിയ സ്വർണത്തിൽ കുറവുവന്നതും അവ സൂരജിന്റെ വീടിനോടുചേർന്ന റബർപുരയിടത്തിൽ ഒളിപ്പിച്ചതും കുറ്റപത്രത്തിൽസൂചിപ്പിച്ചിട്ടുണ്ട്. വിവാഹസമയത്ത് 90 പവൻആഭരണവും അഞ്ചുലക്ഷം രൂപയുമാണ് നൽകിയത്. പാമ്പുകളെ ദുരുപയോഗിച്ചതിന് വനം വകുപ്പ് രജിസ്‌റ്റർ ചെയ്‌ത കേസിലും സൂരജ് ഒന്നാം പ്രതിയാണ്. പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽചാവരുകാവ് സ്വദേശി സുരേഷാണ് രണ്ടാംപ്രതി. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള കേസിൽ വിചാരണ ആരംഭിച്ചിട്ടില്ല. Read on deshabhimani.com