ഉത്രയുടെ കൊലപാതകം: സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ നടപടികളുമായി വനിതാ കമ്മീഷന്‍
കൊല്ലം> കൊല്ലം അഞ്ചല്‍ ഏറത്ത്, പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്ര എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തി കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ നിര്‍ദ്ദേശിച്ചു. ഈ ആവശ്യമുന്നയിച്ച് കേരള വനിതാ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് കത്തു നല്‍കി. കുടുംബാംഗങ്ങള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ നടപടികളെടുക്കണം. പ്രതിക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുളള എല്ലാവരുടെയും പങ്ക് പുറത്തുകൊണ്ട് വരാന്‍ സമഗ്ര അന്വേഷണം വേണമെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നതടക്കം അന്വേഷിച്ചു കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവ് സൂരജ്, സൂരജിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി വനിതാ കമ്മീഷന്‍ നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ദൃക്‌സാക്ഷികള്‍ ഉണ്ടോയെന്ന് ഉറപ്പില്ലാത്തതും നാളിതുവരെ കേട്ടു കേള്‍വി ഇല്ലാത്തതും സമാനതകളില്ലാത്തതുമായ ഗാര്‍ഹിക കൊലപാതകമായതിനാല്‍ ശാസ്ത്രീയമായ തെളിവ് ശേഖരണം നടത്തി പഴുതുകള്‍ ഇല്ലാത്ത അന്വേഷണമാണ് വേണ്ടതെന്ന് ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു. പ്രതിയായ സൂരജിനെതിരെ 90 ദിവസത്തിനകം തെളിവുകള്‍ സഹിതം കുറ്റപത്രം സമര്‍പ്പിച്ച് പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും അതിന് ആവശ്യമായ കൂട്ടുത്തരവാദിത്വമാണ് കൊല്ലം - പത്തനംതിട്ട ജില്ലകളുടെ പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഓരോ ഘട്ടത്തിലും കേസിന്റെ അന്വേഷണ പുരോഗതി വനിതാ കമ്മീഷനെ അറിയിക്കണമെന്നും സമയബന്ധിതമായി റിപ്പോര്‍ട്ട് കൈമാറണമെന്നും ഷാഹിദ കമാല്‍ കത്തില്‍ ആവശ്യപ്പെട്ടു. Read on deshabhimani.com