തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും



തിരുവനന്തപുരം > സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടത്തുന്ന ‘ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 19ന്‌  ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും. രാവിലെ പത്തിന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളിലാണ്‌ ഉദ്‌ഘാടനം. പരിപാടിയിൽ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് അധ്യക്ഷനാവും.      പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ആയിരിക്കും പരിപാടിയിലെ മുഖ്യാതിഥി. എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ സി. ബാലകൃഷ്ണന്‍, മുന്‍ എംപി എം വി ശ്രേയാംസ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ പി റോസാ, എ. സൈഫുദ്ധീന്‍ ഹാജി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ കളക്ടര്‍ മേഘശ്രീ ഡി. ആര്‍, എ.ഡി.എം കെ. ദേവകി, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.ജെ ഐസക്,  കൗണ്‍സിലര്‍ പുഷ്പ എം, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബാലസുബ്രമണ്യം, വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കള്‍, കേരളാ നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, ജില്ലാ കോര്‍ഡിനേറ്റര്‍ യൂസഫ് ചെമ്പന്‍ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. കേരളാ നോളജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രൊജക്റ്റ് മാനേജര്‍ ഡയാന തങ്കച്ചന്‍ പദ്ധതി അവതരണം നടത്തും. Read on deshabhimani.com

Related News