സിൽവർ ലൈൻ : നുണ തേച്ചുമിനുക്കി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം സിൽവർ ലൈൻ വിഷയം സർക്കാർ നിയമസഭയിൽ ചർച്ച ചെയ്‌തില്ലെന്ന നുണ വീണ്ടും വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാർച്ച് 14ന് സഭയിൽ പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയം സർക്കാർ അനുവദിച്ചു. മൂന്നുമണിക്കൂറിലധികം പ്രതിപക്ഷം സംസാരിച്ചു. കോൺഗ്രസ് നേതാക്കളും ഘടകകക്ഷിനേതാക്കളും പങ്കെടുത്തു. എക്സ്‌പ്രസ്‌ഹൈവേ ആണ് ഉചിതമെന്ന് പി ജെ ജോസഫും പദ്ധതിക്ക് എതിരല്ല, നടപ്പാക്കുന്ന രീതിയോടാണ് എതിർപ്പെന്ന് ലീഗും അഭിപ്രായപ്പെട്ടു. ‘കേരളത്തിലെ മണ്ണ് മുഴുവൻ ദുർബലമായതിനാൽ അതിവേഗ ട്രെയിൻ ഓടിച്ചാൽ മറിഞ്ഞു വീഴു’മെന്ന തിയറി പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചതും ഇതേ ചർച്ചയിൽ. മാർച്ച് 15ന് എംഎൽഎമാർക്ക് വേണ്ടി പ്രത്യേക പരിപാടിയും വച്ചു. സംശയനിവാരണത്തിന് വിദഗ്ധരും കെ–- റെയിൽ അധികൃതരും എത്തി. എന്നാൽ, യുഡിഎഫ് എംഎൽഎമാർ അത് ബഹിഷ്കരിച്ചു. എന്നിട്ടും സതീശൻ ഇപ്പോഴും ഉന്നയിക്കുന്നത് സർക്കാർ നിയമസഭയിൽ ചർച്ചയ്ക്ക് തയ്യാറാകുന്നില്ല എന്നാണ്. സർക്കാർ വിശദീകരണത്തോടെ പലയിടത്തും ജനങ്ങളുടെ ആശങ്ക നീങ്ങി. തെറ്റിദ്ധരിക്കപ്പെട്ട വീട്ടുകാർതന്നെ സ്വയം കല്ലിടുകയാണ്. പദ്ധതി പ്രവർത്തനത്തെ തടയാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതോടെയാണ് പറഞ്ഞുതേഞ്ഞ കള്ളവുമായി സതീശന്റെ പാഴ്‌വേല. Read on deshabhimani.com