പരിസ്ഥിതിലോല പ്രദേശങ്ങള്‍: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ഡോ. വി ശിവദാസന്‍ എംപി



ന്യൂഡല്‍ഹി> പരിസ്ഥിതിലോലമേഖല സംബന്ധിച്ച സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. വി ശിവദാസന്‍ എംപി പരിസ്ഥിതി മന്ത്രി ഭൂപേഷ് യാദവിന് കത്ത് നല്‍കി. ജനസാന്ദ്രവും താരതമ്യേന അവികസിതവുമായ കേരളത്തിലെ സംരക്ഷിത മേഖലകള്‍ക്ക് അടുത്തുള്ള പ്രദേശങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, മാത്രമേ ജനങ്ങളുടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളു. ജനങ്ങളുടെ പങ്കാളിത്തവും സമ്മതവുമില്ലാതെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ല. സംരക്ഷിത പ്രദേശങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ വ്യാപ്‌തി നിശ്ചയിക്കുന്നത് ഒരോ പ്രദേശത്തെയും സാഹചര്യങ്ങള്‍ പരിഗണിച്ചാകണം. രാജ്യത്തുടനീളവും കേരളത്തിലും വനങ്ങളുടെ സമീപപ്രദേശങ്ങളില്‍ ഭൂരിഭാഗവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയം, ആറളം, വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളുടെ സമീപത്തായി നിരവധി ജനവാസകേന്ദ്രങ്ങളുണ്ട്. ഈ മേഖലകള്‍ക്ക് പുതിയ അടിസ്ഥാനസൗകര്യങ്ങള്‍ ആവശ്യമാണ്. പരിസ്ഥിതി വിദഗ്‌ധരുടെ അഭിപ്രായത്തില്‍ സാര്‍വത്രികമായി ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി നിശ്ചയിക്കുന്നതിന് ശാസ്ത്രീയ അടിത്തറയില്ല. മാറുന്ന ഭൂപ്രകൃതി സവിശേഷതകളെ കണക്കിലെടുത്താകണം പരിസ്ഥിതിലോലമേഖലകളെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News