ഐടിഐ അധ്യാപക പരിശീലനത്തിൽ കാലാനുസൃത മാറ്റം വരുത്തും: മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം > സംസ്ഥാനത്തെ ഐടിഐകളിലെ അധ്യാപക പരിശീലനത്തിൽ കാലാനുസൃത മാറ്റം വരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. നവകൈരളി ഹാളിൽ നടന്ന ഐടിഐകളുടെ സംസ്ഥാനതല കോൺവൊക്കേഷൻ പരിപാടിയിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.  തൊഴിൽമേഖലകൾ വികസിക്കുന്ന കാലഘട്ടത്തിൽ അധ്യാപകരും അറിവ് അപ്ഡേറ്റ് ചെയ്യണം. വിദ്യാർഥികളിലെ അറിവും നൈപുണ്യവും വർധിപ്പിക്കാൻ അധ്യാപകരാണ് പ്രോത്സാഹനം നൽകേണ്ടത്. ഐടിഐകളുടെ പഠന നിലവാരവും പരിശീലന നിലവാരവും ഉയർത്തുന്നതിന് സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം  പറഞ്ഞു. ആ​ഗസ്തിൽ നടന്ന അഖിലേന്ത്യ ട്രേഡ് റഗുലർ പരീക്ഷയിൽ പങ്കെടുത്ത 29,998 ട്രെയിനികളിൽ 28,385 പേരാണ് വിജയിച്ചത്. വിജയ ശതമാനം 94.62 ശതമാനം. കേരളത്തിൽ പരിശീലനം നൽകുന്ന 78 ട്രേഡുകളിൽനിന്ന്‌ 43 ട്രേഡിലെ 57 ട്രെയിനികളെ നാഷണൽ ടോപ്പേഴ്സായി ഡിജിടി തെരഞ്ഞെടുത്തിട്ടുണ്ട്. ഓവറോൾ നാഷണൽ ടോപ്പറായി 600ൽ 600 മാർക്കും നേടിയ കോഴിക്കോട് വനിതാ ഗവ. ഐടിഐയിലെ സിഎച്ച്എൻഎം ട്രേഡിലെ എൻ അഭിനയ, പ്ലംബർ ട്രേഡിലെ നാഷണൽ ഫീമെയിൽ ടോപ്പറായി എസ്-സിഡിഡി കടകംപള്ളി ഗവ. ഐടിഐയിലെ ആർ ദിവ്യ, ഇലക്ട്രോണിക് മെക്കാനിക് ട്രേഡിലെ നാഷണൽ ടോപ്പറായി കഴക്കൂട്ടം ഗവ. ഐടിഐയിലെ എസ് ആർ ആർഷ എന്നിവരെ തെരഞ്ഞെടുത്തു. ഡൽ​ഹിയിൽ നടക്കുന്ന ബിരുദദാന ചടങ്ങിലേക്ക് ഇവർക്ക് ക്ഷണം ലഭിച്ചത് സംസ്ഥാനത്തിന് അഭിമാനാർഹമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ സൂഫിയാൻ അഹമ്മദും ചടങ്ങിൽ പങ്കെടുത്തു. Read on deshabhimani.com

Related News