ദുരന്തത്തെയും തോൽപ്പിച്ച വൈക്കം പോരാട്ടം



കോട്ടയം 1924ലെ പ്രളയത്തിന്റെ ദുരന്തകഥകള്‍ മാത്രമാണ് നാം കേട്ടിട്ടുള്ളത്. എന്നാല്‍, മഹാപ്രളയത്തെ പോലും തോല്‍പ്പിച്ച കഥയുണ്ട് വൈക്കം സത്യഗ്രഹത്തിന്. കൊല്ലവര്‍ഷം 1099 മീനം 17(1924 മാര്‍ച്ച് 30)നാണ് വൈക്കത്ത് സത്യഗ്രഹം ആരംഭിക്കുന്നത്. മിഥുനം അവസാനം ആരംഭിച്ച മഴ കര്‍ക്കടകം ഒന്നോടെ ശക്തിപ്രാപിച്ച് പ്രളയമായി മാറി. വൈക്കത്തും രൂക്ഷമായ കെടുതികളുണ്ടായി. സത്യഗ്രഹ പന്തലിലെല്ലാം വെള്ളം കയറി. തിരുവിതാംകൂര്‍ സര്‍ക്കാറും സവര്‍ണമേധാവികളും കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും തോറ്റു പിന്മാറാത്തവരെ പ്രളയം തോല്‍പ്പിക്കുമെന്ന് എതിരാളികള്‍ കരുതി. എന്നാല്‍ കഴുത്തൊപ്പം വെള്ളം കയറിയിട്ടും സത്യഗ്രഹം നിര്‍ത്തിവച്ചില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് അന്ന് വൈക്കത്ത് പെയ്തത്. 1924 ജൂലൈയില്‍ വൈക്കത്ത് 1531.87 മില്ലി മീറ്റര്‍ മഴ പെയ്തതായാണ് രേഖ. പ്രളയകാലത്ത് വൈക്കത്തെത്തിയ കോണ്‍ഗ്രസ് നേതാവും പിന്നീട് ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലുമായ സി രാജഗോപാലാചാരി കനത്ത മഴയെ സത്യഗ്രഹികള്‍ പൊരുതിത്തോല്‍പ്പിച്ചതിനെ  കുറിച്ചെഴുതിയിട്ടുണ്ട്. 'എത്രയോ കഠിനമായ കാലാവസ്ഥയായിരുന്നിട്ടും ആശ്രമത്തില്‍ ചര്‍ക്കാജോലിക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല. ഘോരമാരിയിലൊഴികെ എപ്പോഴും ബാരിക്കേഡുകളില്‍ ചര്‍ക്ക കൊണ്ടുപോകുന്നുണ്ട്. ഇത്തരം പരിശ്രമങ്ങള്‍ ഞങ്ങളെ വിശുദ്ധീകരിക്കുമെന്നും ഈ വക പ്രവൃത്തികള്‍ തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന സമരത്തിന് വിജയകരമായിത്തീരുമെന്നും ആത്മാര്‍ഥമായി വിശ്വസിക്കുന്ന സംസ്‌കാരം വന്ന യുവാക്കന്മാരുടെ പ്രസ്ഥാനം....'' സത്യഗ്രഹ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച സി രാജഗോപാലാചാരിയുടെ കത്ത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പുറത്തിറക്കിയ 'വൈക്കം സത്യഗ്രഹ രേഖകള്‍' എന്ന പുസ്തകത്തില്‍ കാണാനാകും. ഐതിഹാസിക പോരാട്ടത്തിന്റെ ശതാബ്ദി ആഘോഷ വേളയില്‍ തന്നെയാണ് പ്രളയത്തിന്റെ നൂറാം വര്‍ഷം എത്തുന്നതും.   Read on deshabhimani.com

Related News