വളപട്ടണം കവർച്ച ; ആദ്യമേ ഉറപ്പിച്ചു, 
കള്ളൻ കപ്പലിൽത്തന്നെ

പ്രതി ലിജീഷിനെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഫോട്ടോ: സുമേഷ് കോടിയത്ത്


കണ്ണൂർ വിവിധയിടങ്ങളിലേക്ക്‌ അന്വേഷണം വ്യാപിപ്പിച്ചപ്പോഴും, സമാനസ്വഭാവമുള്ള കേസുകളും നേരത്തേയുള്ള  കേസുകളിലെ പ്രതികളെക്കുറിച്ചും  ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശോധിക്കുമ്പോഴും പരിസരം വിട്ടുപോകാത്ത പ്രതിയുടെ  പിന്നാലെയായിരുന്നു അന്വേഷകസംഘം. വീടിനെക്കുറിച്ചും പരിസരത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ആളാണ്‌ പ്രതിയെന്ന് ആദ്യദിവസംതന്നെ വ്യക്തമായിരുന്നു. അഷ്‌റഫിന്റെ വീടുമായി ഇടപെടുന്ന സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽവാസികൾ, സമീപത്തുള്ള അഷറഫ് ട്രേഡേഴ്സിലെ തൊഴിലാളികൾ എന്നിവരെ ചോദ്യംചെയ്തു. മോഷണത്തിനുശേഷം അടുത്ത ദിവസവും പ്രതി വന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതോടെ പരിസരവാസിയാണെന്ന്‌ ഉറപ്പിച്ചു. തുടർന്ന്‌, കവർച്ചക്കുശേഷം രക്ഷപ്പെടാൻ സാധ്യതയുള്ള ഭാഗങ്ങളെക്കുറിച്ച്‌ വ്യക്തതയുണ്ടാക്കി. ഇവിടങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. മോഷ്ടാവിന്റെ ദൃശ്യങ്ങളോട് സാദൃശ്യമുള്ള ഒന്നും ലഭിക്കാതായതോടെ  പ്രതി പ്രദേശത്തുനിന്ന് കടന്നിട്ടില്ലെന്ന് ഉറപ്പാക്കി. വീടിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ ലിജീഷ്, അഷ്‌റഫിന്റെ വീട് നിരന്തരം നിരീക്ഷിച്ചിരുന്നതായി അന്വേഷകസംഘം മനസ്സിലാക്കി. ചോദ്യംചെയ്യലിൽ പ്രതിയുടെ മൊഴികളിലുണ്ടായ വൈരുധ്യം സംശയം ബലപ്പെടുത്തി. കീച്ചേരിയിലെ മോഷണത്തിന്‌ സമാന സ്വഭാവമുണ്ടാകുകയും ലിജീഷ് അവിടെ വെൽഡിങ് സ്ഥാപനം നടത്തിയതായി വിവരംലഭിക്കുകയും ചെയ്‌തതോടെ പ്രതി കുടുങ്ങി. ആദ്യദിവസങ്ങളിൽ ശേഖരിച്ച, വീടിന്റെ പരിസരത്തുള്ളവരുടെ വിരലടയാളങ്ങൾ കീച്ചേരിയിലെ വീട്ടിൽനിന്ന്‌ ലഭിച്ച വിരലടയാളങ്ങളുമായി ഒത്തുനോക്കി. ലിജീഷിന്റെ വിരലടയാളം ഇതുമായി യോജിച്ചതോടെ  അന്വേഷകസംഘം അറസ്റ്റിലേക്ക്‌ നീങ്ങുകയായിരുന്നു. ശനി  രാത്രി കസ്‌റ്റഡിയിലെടുത്ത ലിജീഷിനെ ഞായർ  രാത്രി വിരലടയാള ഫലംവന്നതോടെയാണ്‌ അറസ്‌റ്റുചെയ്‌തത്‌.  കുറ്റം സമ്മതിച്ച പ്രതിതന്നെയാണ്‌ കട്ടിലിനടിയിൽ ലോക്കറുണ്ടാക്കി കവർച്ചമുതൽ ഒളിപ്പിച്ചതും വ്യക്തമാക്കിയത്‌. പരിശോധിച്ചത്‌ 100 സിസി ടിവി ദൃശ്യം വളപട്ടണം കവർച്ചക്കേസിൽ പരിശോധിച്ചത്‌ 100 സിസി ടിവി ദൃശ്യങ്ങളും 115 പേരുടെ ഫോൺകോളും.  അഷ്‌റഫിന്റെ വീട്ടിലേതുൾപ്പെടെ പരിസര പ്രദേശങ്ങളിലെ മുഴുവൻ സിസി ടിവി ദൃശ്യങ്ങളും പൊലീസ്‌ ശേഖരിച്ചിരുന്നു. പുതിയതെരു, വളപട്ടണം  പ്രദേശങ്ങൾക്കൊപ്പം കാസർകോട്‌, പയ്യന്നൂർ, കണ്ണൂർ, മംഗളൂരു റെയിൽവേ സ്‌റ്റേഷനുകളിലെ കാമറാ ദൃശ്യവും നേരത്തേ നടന്ന മോഷണക്കേസുകളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. കവർച്ചാവിവരം പുറത്തുവന്ന്‌ മണിക്കൂറുകൾക്കുള്ളിൽത്തന്നെ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. കണ്ണൂർ സിറ്റിയിലെയും റൂറലിലെയും ക്രൈം സ്‌ക്വാഡുകളും ഇൻസ്‌പെക്ടർമാരടങ്ങുന്ന സംഘം 24 മണിക്കൂറും കർമനിരതരായി. സൈബർ സെല്ലിലെ വിദഗ്‌ധരും ഒപ്പംനിന്നു. സിസിടിവികളിൽ ദൃശ്യങ്ങളുടെ ബാക്ക്‌ അപ്‌ ഒരാഴ്‌ചയായിരിക്കുമെന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. അതിനെ മറികടക്കാൻ  ദൃശ്യങ്ങൾ ശേഖരിക്കുന്നതിന് സമാന്തരമായി മറ്റു കാര്യങ്ങളും ഏകോപിപ്പിച്ചു. അഷ്‌റഫിന്റെ വീട്ടിലെ ഒരു സിസിടിവിയിൽ മാത്രമാണ്‌ ലിജീഷിന്റെ ദൃശ്യങ്ങളുള്ളത്. ചിലത് പ്രവർത്തിക്കാതെയും മറ്റുചിലത്‌ ദൃശ്യങ്ങൾ പതിയാത്തവിധം തിരിച്ചുവയ്ക്കുകയുംചെയ്തിരുന്നു. 115 പേരുടെ ഫോൺകോൾ വിവരവും പരിശോധിച്ചു. സമാനരീതിയിൽ മോഷണം നടത്തിയ 67 പേരെ നിരീക്ഷിച്ചു. അഷ്‌റഫിന്റെ ബന്ധുക്കളും മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരും അയൽവാസികളും ഉൾപ്പെടെ 215 പേരെ വിശദമായി ചോദ്യംചെയ്‌തു. 35 ലോഡ്‌ജുകളിലും അന്വേഷകസംഘം പരിശോധന നടത്തി.   Read on deshabhimani.com

Related News