ഡോ. വന്ദനദാസ് കൊലപാതകം : 
വിചാരണ സെപ്‌തംബർ 2 മുതൽ , പ്രതി സന്ദീപിനെ ഹാജരാക്കി



കൊല്ലം ഡോ. വന്ദനദാസ് വധക്കേസിന്റെ വിചാരണ സെപ്‌തംബർ രണ്ടിന്‌ ആരംഭിക്കും. വിചാരണത്തീയതി സംബന്ധിച്ച പ്രോസിക്യൂഷൻ നിർദേശത്തെ പ്രതിഭാഗം എതിർക്കാത്ത സാഹചര്യത്തിലാണ്‌ കോടതി തീരുമാനം. ഇതിനു മുന്നോടിയായി ചൊവ്വാഴ്ച പ്രതി സന്ദീപിനെ കോടതിയിൽ നേരിട്ട്‌ ഹാജരാക്കി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലാണ്‌ വിചാരണ. കൊലപാതകക്കുറ്റം, കേസിലെ രണ്ടുമുതൽ അഞ്ചുവരെ സാക്ഷികളെ ദേഹോപദ്രവം ഏൽപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചതിന് വധശ്രമം എന്നിവ കൂടാതെ സർക്കാർ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതും ആശുപത്രി ജീവനക്കാരെ ആക്രമിച്ചതും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളത്‌. വിചാരണ തുടങ്ങുന്ന ദിവസം മുതൽ സാക്ഷികളെ വിസ്‌തരിക്കുന്നതിന്റെ ക്രമവും തീയതിയും ചൊവ്വാഴ്‌ച പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആഗസ്ത്‌ അഞ്ചിന്‌ കേസ്‌ വീണ്ടും പരിഗണിക്കാൻ മാറ്റി. അന്ന്‌ പ്രതി ഓൺലൈനായി ഹാജരാകണം. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ്പാശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്. Read on deshabhimani.com

Related News